
കൊച്ചി: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് കോടതിയില്‍ നിന്ന് തിരിച്ചടി. മൂന്നാറിലെ 22 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് വി.വി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജോര്‍ജിന്റെ കയ്യേറ്റമൊഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.റവന്യൂ വകുപ്പിന്റെ മാത്രമല്ല സര്‍ക്കാരിന്‍റെ നിലപാടിനുള്ള പിന്തുയാണ് ഹൈക്കോടതി വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ ടൗണില്‍ 22 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി ഹോം സ്റ്റേ നടത്തുകയാണ് വി.വി ജോര്‍ജ്. പാട്ടക്കാലവധി കഴിഞ്ഞ ഭൂമി അനധികൃതമായി ജോര്‍ജ് കൈവശപ്പെടുത്തിയെന്ന കണ്ടെത്തിയാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ഇതിനെതിരെ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു.
22 സെന്‍റും കെട്ടിടവും ജോര്‍ജ് അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും സര്‍ക്കാര്‍ ഭൂമിയാണെന്നുമാണ് റവന്യൂ വകുപ്പ് വാദം. ഇത് ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്ന കണ്ടെത്തി തള്ളി. നേരത്തെ പാട്ടത്തിനെടുത്തയാളുമായുണ്ടാക്കിയ കരാര്‍ ഹാജാരാക്കാന്‍ ജോര്‍ജിനാകാത്ത സാഹചര്യത്തിലാണിത്.
സി.പി.എം സി.പി.ഐയും തമ്മില്‍ കടുത്ത ഭിന്നതയ്‌ക്ക് ഇടയാക്കിയതാണ് 22 സെന്‍റിലെ കയ്യേറ്റമൊഴിപ്പിക്കല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ റവന്യുമന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ മൂന്നാറിലെ ജനപ്രതിനിധികളുടെയും സി.പി.ഐ അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളുടെയും നിവേദനത്തെ തുടര്‍ന്നായിരുന്നു ഇത്. യോഗത്തില്‍ നിന്ന് റവന്യൂമന്ത്രിയും സി.പി.ഐയും വിട്ടു നിന്നു. 22 സെന്‍റിലെ കയ്യേറ്റമൊഴിപ്പിക്കല്‍ കോടതി വിധിക്ക് ശേഷം തീരുമാനിക്കാമെന്നതായിരുന്നു ധാരണ. എന്നാല്‍ മൂന്നാറിലെ കുത്തക പാട്ട ഭൂമിയ്‌ക്ക് കരം സ്വീകരിക്കാനും പട്ടയം കൊടുക്കാനും മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam