
ഇടുക്കി:ജനജീവിതം സ്തംഭിപ്പിച്ച് ഇടുക്കി ഉൾപ്പെടുന്ന മധ്യകേരളത്തിലും കാലവർഷം ശക്തമായി തുടരുന്നു.മണ്ണിടിച്ചിലിനെ തുടർന്ന് ഹൈറേഞ്ച് മേഖലകളിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.കോതമംഗലം പൂയംകുട്ടിയിൽ പുഴ കരകവിഞ്ഞതോടെ 14 ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.
ഇടുക്കി ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാറ്റിന്‍റെയും മഴയുടെയും ശക്തി കുറഞ്ഞിട്ടില്ല. പീരുമേട് താലൂക്കിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. പാമ്പനാറിലെ സിഎസ്ഐ പള്ളി മണ്ണിടിച്ചിൽ ഭാഗികമായി തകർന്നു. തുടർച്ചയായ മണ്ണിടിച്ചിലും, മരങ്ങൾ കടപുഴകി വീഴുന്നതും ഹൈറേഞ്ച് റൂട്ടിലെ ഗതാഗതം താറുമാറാക്കി. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കട പൂർണ്ണമായും തകർന്നു. കട്ടപ്പനക്കടുത്ത് ചപ്പാത്തിലും, വാഗമൺ റൂട്ടിലും, കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ അടിമാലി വാളറയിലും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ദിവസങ്ങളായ മഴ തുടരുന്നതിനാൽ മണ്ണിന് സംഭവിച്ച ബലക്ഷയം പലയിടത്തും ചെറിയ ഉരുൾപൊട്ടലിനും വഴിവയ്ക്കുന്നുണ്ട്. ജില്ലയുടെ ഉൾപ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ലോവർ പെരിയാർ, മലങ്കര, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. കോതമംഗലം കുടമ്പുഴക്കടുത്ത് പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. ബ്ലാവന കടത്ത് നിശ്ചലമായതോടെ 14 ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ടത്. പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻ ചാൽ ചപ്പാത്തും തകർന്നു. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കൊച്ചി,ആലപ്പുഴ,ചാവക്കാട് ഉൾപ്പെടുന്ന തീരദേശങ്ങൾ അതീവ ജാഗ്രതയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam