
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. കൊല്ലത്ത് കടലാക്രമണം രൂക്ഷമായി. കൊച്ചി നഗരത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. കൊട്ടാരക്കരയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.
മഴ ശക്തമായതോടെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഓടകള്‍ കവിഞ്ഞൊഴുകിയതോടെ വീടുകളില്‍ മലിനജലം കയറി. കൊച്ചി കമ്മട്ടിപ്പാടത്തെ വീടുകളിലുള്ളവര്‍ പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ മലിനജലത്തില്‍ ചവിട്ടി നിന്നാണ്. മഴയ്ക്ക് മുമ്പേ കാനകളെല്ലാം വൃത്തിയാക്കാത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
മഴപെയ്‌ത് വെള്ളം കയറിയതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പലയിടത്തും മരംവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തും ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമില്‍ വെള്ളം നിറഞ്ഞതോടെ ഷട്ടറുകള്‍ തുറന്നു വിട്ടു. ഡാമില്‍ ചെളിയും മണ്ണും നിറഞ്ഞതിനാല്‍ കൂടുതല്‍ ജലം സംഭരിക്കാനാകില്ലെന്ന് ജലവിഭവവകുപ്പ് അറിയിച്ചു. ഷട്ടറുകള്‍ തുറന്നതോടെ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും കൊട്ടാരക്കരക്കടുത്ത് പട്ടാഴിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ആയൂര്‍ കോട്ടുവമുക്കില്‍ റോഡിന് കുറുകേ മരം വീണ് ആയൂര്‍അഞ്ചല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കൃഷി നാശവുമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam