
മാന്നാര്‍: ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച അമ്മയേയും ഒന്‍പത് മാസം പ്രായമായ മകനേയും രക്ഷപെടുത്തി. മാന്നാര്‍ പരുമല പാലത്തില്‍ നിന്ന് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച എണ്ണയ്ക്കാട് സ്വദേശിയായ യുവതിയേയും ഒന്‍പത് മാസം പ്രായമായ മകനേയുമാണ് രക്ഷപ്പെടുത്തിയത്.
ഓട്ടോ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസ് ഹോംഗാര്‍ഡ് രാജേഷിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതിയെയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനായത്. ബുധനൂര്‍ പെരിങ്ങാട് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവതി പരുമലയില്‍ പോകണമെന്നാണ് ഓട്ടോ ഡ്രൈവര്‍ മംഗളനോട് പറഞ്ഞത്. മാന്നാറില്‍ എത്തിയപ്പോള്‍ പരുമല പാലത്തില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ മംഗളന്‍ ഓട്ടോ മാന്നാര്‍ ടൗണില്‍ നിര്‍ത്തി.
യുവതി ഓട്ടോയില്‍ നിന്നും ഇറങ്ങി വളരെ വേഗം നടന്നു പോകുന്നത് കണ്ട് മംഗളന്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഓട്ടോയുമായി പരുമല ജങ്ഷനിലെത്തി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാജേഷിനോട് വിവരം പറഞ്ഞു. പരുമല പാലത്തിലേക്ക് കയറി കുഞ്ഞുമായി ആറ്റില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ ട്രാഫ്രിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാജേഷും വഴിയാത്രക്കാരിയായ വീട്ടമ്മയും ചേര്‍ന്ന് തടയുകയായിരുന്നു. ഭര്‍ത്താവ് അറിയാതെ യുവതി സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെയ്ക്കാന്‍ ബന്ധുവിന് കൊടുത്തിരുന്നു. മൂന്നു മാസത്തിലധികമായിട്ടും സ്വര്‍ണ്ണം തിരിച്ച് ചോദിച്ചിട്ടും കിട്ടിയില്ല. ഇത് ഭര്‍ത്താവ് അറിഞ്ഞാല്‍ വഴക്കുണ്ടാക്കുമെന്ന് ഭയന്നാണ് യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam