വയോധികര്‍ പേടിക്കേണ്ട; ഒരു ബട്ടൺ ഞെക്കിയാല്‍ മതി, പൊലീസ് ഉടനെത്തും

By Web DeskFirst Published Apr 3, 2018, 1:06 PM IST
Highlights

വയോധികര്‍ പേടിക്കേണ്ട; ഒരു ബട്ടൺ ഞെക്കിയാല്‍ മതി, പൊലീസ് ഉടനെത്തും

ഒറ്റയ്‍ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ എറണാകുളം  ജില്ല പഞ്ചായത്ത്.  വീട്ടിൽ ഘടിപ്പിക്കുന്ന ഒരു ചെറിയ ബട്ടണും സ്‌പീക്കറും വഴിയാണ് ഇത് സാധ്യമാക്കുന്നത്. അപകടം ഉണ്ടായാൽ കണ്‍‌ട്രോൾ റൂമുമായി നേരിട്ട് ബന്ധപ്പെടാൻ ഈ ബട്ടൺ ഒന്ന് അമർത്തിയാൽ മതി. സ്‌പീക്കറിലൂടെ നൽകുന്ന സന്ദേശം നേരിട്ട് കണ്‍ട്രോൾ റൂമിൽ എത്തും. ഇത് കൂടാതെ വാർഡ് മെമ്പർക്കും പൊലീസിനും കോഓർഡിനേറ്റർക്കും സന്ദേശം ലഭിക്കും. അതിനാൽ തന്നെ ഏറ്റവും അടുത്തുള്ള ആൾക്ക് സഹായവുമായി എത്താനാകും എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.

ഒരു വാക്കി ടോക്കി പോലെ കൈയ്യിൽ കൊണ്ട് നടക്കാവുന്ന ഉപകരണത്തിൽ ഒരു മൈക്കും സ്‌പീക്കറും ഉണ്ടാകും. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ആണ് സന്ദേശം മറ്റുള്ളവർക്ക് കൈമാറുന്നത്.

ഒറ്റക്കായതിനാൽ പേടിച്ചു ജീവിക്കുന്ന നിരവധി മുതിർന്ന പൗരന്മാർ കൊച്ചിയിൽ ഉണ്ട്. അവർക്കു ധൈര്യം പകരുകയും സുരക്ഷിതത്വം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ വാർധക്യ സൗഹൃദ ബ്ലോക്കായ മുളന്തുരുത്തിയിലാണ് ഈ സംവിധാനം ആദ്യം നടപ്പിലാക്കുക. ജില്ലയിലാകെ ഏകദേശം 8000 യൂണിറ്റുകൾ ആവശ്യമുണ്ടെന്നാണ് കണക്കു. ആദ്യ ഘട്ടത്തിൽ 500 യൂണിറ്റുകൾ വിതരണം ചെയ്യും.

മെയ് ആദ്യത്തോടെ വിതരണം ആരംഭിക്കാനാണ് ജില്ല പഞ്ചാത്തിന്റെ തീരുമാനം. ആവശ്യാനുസരണം ഉപകരണം നിർമിക്കുന്നതിന് സർക്കാർ ഏജൻസികളിൽ നിന്ന് ടെൻഡർ വിളിക്കും. ഈ വർഷത്തെ ബജറ്റിൽ ഇതിനായി 20 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. ഇതിലൂടെ എറണാകുളത്തെ വാർധക്യ സൗഹൃദ ജില്ലയായി മാറ്റുകയാണ് ലക്ഷ്യം.

 

 

 

 

 

 

click me!