കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

By Web DeskFirst Published Jul 14, 2016, 1:28 PM IST
Highlights

കോഴിക്കോട്: മനുഷ്യക്കടത്ത് കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്താത്തതിന് കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രായ പൂർത്തിയാകാത്ത ബംഗ്ലാദേശി പെൺകുട്ടികളെ കേരളത്തിലെത്തിച്ച് പലർക്കായി കാഴ്ച വെച്ചെന്ന കേസിലെ പ്രതി വയനാട് സ്വദേശി സുഹൈൽ തങ്ങൾക്കെതിരെ കാപ്പചുമത്താതിനാണ് വിമര്‍ശനം.  'കാപ്പ' ചുമത്താത്തതിൽ കലക്ടറിൽനിന്ന് വിശദീകരണം തേടാൻ സ്റ്റേറ്റ് അറ്റോർണിയോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

സുഹൈൽ തങ്ങൾക്കെതിരെ കേരള ആന്റി സോഷൽ ആക്ടിവിറ്റീസ് പ്രിവൻഷൻ  ആക്ട് ചുമത്തിത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും അതിനാൽ കാപ്പ ചുമത്തേണ്ട ആവശ്യവും ഇല്ലെന്ന് കലക്ടർ നിലപാടെടുത്തിരുന്നു. കളക്ടർ  ഉത്തരവ് നടപ്പിലാക്കിയില്ലെന്ന മനുഷ്യാവകാശ സംഘടനകളുടെ പരാതിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കളക്ടറുടെ നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ആറ്റോർണിയോട് ജസ്റ്റിസ് കെ ടി ശങ്കരൻ , കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. കളക്ടറോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കളക്ടർ കാപ്പ ചുമത്താൻ തയ്യാറാവാത്തതിനെ തുടർന്ന് ജയിലായിരുന്ന സുഹൈൽ തങ്ങൾ ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളെ കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല.

ഒളിവിലായ പ്രതികൾ പിടിയിലാകുമ്പോൾ തിരിച്ചറിയണമെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടി മൂന്ന് ബംഗ്ലാദേശി യുവതികളെ  കോഴിക്കോട് മഹിളാമന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

 

click me!