പൊതുസ്ഥലത്ത് പ്ലാസ്റ്റിക്കും റബറും കത്തിക്കുന്നതിനു നിരോധനം

By Asianet NewsFirst Published Jun 10, 2016, 1:32 PM IST
Highlights

കൊച്ചി: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും റബ്ബറും കത്തിക്കുന്നതിനു ഹൈക്കോടതിയുടെ നിരോധനം. ഡിജിപിയും ആറു മേയര്‍മാരും ഇതിനു നേരിട്ടു മേല്‍നോട്ടം നല്‍കണമമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റികും റബറും കത്തിക്കുന്നതു മൂലം അന്തരീക്ഷമലിനീകരണം വ്യാപകമായിരിക്കുകയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും റബറും കത്തിക്കുന്നത് മൂലം വായുവും ജലവും ഒരുപോലെ മലിനമാകുന്നു. ഇതൊഴിവാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ കൃത്യമായി ഇടപെടണമെന്നു ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷന്‍ മേയര്‍മാരും സജീവമായി ഇടപെടണം. ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ഇതിനായി ഡിജിപി പ്രത്യേക ശ്രദ്ധ കാണിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ അറിയിച്ചു.

 

click me!