ഖത്തറില്‍ പൊടിക്കാറും ചൂടും രൂക്ഷമായി; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

By Web DeskFirst Published Aug 6, 2016, 7:30 PM IST
Highlights

ദോഹ: ഖത്തറില്‍ ചൂടും പൊടിക്കാറ്റും ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൂടിനൊപ്പം ഇടക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പ്രധാന നിര്‍ദേശം.

കഴിഞ്ഞ ദിവസങ്ങളില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞുവീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധി പേരാണ് ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഇതു കൂടി കണക്കിലെടുത്താണ് പൊടിക്കാറ്റടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതല്‍ നടപടികളെ കുറിച്ച് പൊതു ആരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കാറ്റിനോടൊപ്പം അന്തരീക്ഷത്തില്‍ കലരുന്ന പൊടിയും മണല്‍ തരികളും ആന്തരികാവയവങ്ങളില്‍ കടന്ന് ആസ്തമ, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. പൊടിക്കാറ്റിനുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. കണ്ണടകളും മുഖമൂടികളും ധരിക്കുക, കണ്ണ്, മൂക്ക് തുടങ്ങിയ ഭാഗങ്ങളില്‍ അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയമായവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാതിരിക്കുക. അലര്‍ജി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രധിരോധ മരുന്നുകള്‍ കഴിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പൊടി കടക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും ഭദ്രമായി അടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് അന്തരീക്ഷത്തിലെ താപ നില 48 ഡിഗ്രിക്കു മുകളില്‍ വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. പതിനെട്ട് മുതല്‍ 29 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ ആഞ്ഞു വീശുന്ന പൊടിക്കാറ്റും ഇടക്കിടെ ജനജീവിതം ദുസ്സഹമാക്കുകയാണ്.

 

click me!