സോളാറില്‍ കേരള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് പിന്തുണയില്ല

By Web DeskFirst Published Oct 13, 2017, 10:14 PM IST
Highlights

ദില്ലി: സോളാര്‍ വിവാദത്തിൽ കേരള നേതാക്കളെ കൈവിട്ട് ഹൈക്കമാന്‍റ്. ദില്ലിയിൽ നടന്ന ചര്‍ച്ചയിൽ ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കളെ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചു. കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടും ഉമ്മൻചാണ്ടിക്ക് രാഹുൽഗാന്ധിയുടെ പിന്തുണ കിട്ടിയില്ല. വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി ചില തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന സൂചനയും നേതാക്കൾക്ക് ഹൈക്കമാന്‍റ് നൽകി.

സോളാര്‍ കമ്മീഷന്റെ കണ്ടെത്തലും അതേ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ നടപടിയുമൊക്കെ ദേശീയ തലത്തിൽ തന്നെ കോണ്‍ഗ്രസിന് വലിയ ക്ഷീണമായ സാഹചര്യത്തിലാണ് കേരള നേതാക്കളെ രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ച ചര്‍ച്ച നടത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസൻ, വി എം സുധീരൻ, വി ഡി സതീശൻ എന്നിവര്‍ പങ്കെടുത്തു. നേതാക്കളുമായി പ്രത്യേകം പ്രത്യേകം നടത്തിയ ചര്‍ച്ചയിൽ സോളാര്‍ വിവാദത്തിൽ കടുത്ത അതൃപ്തിയാണ് രാഹുൽ ഗാന്ധി അറിയിച്ചത്. സോളാര്‍ വിവാദത്തിൽ വിശദീകരണം നൽകിയെങ്കിലും പാര്‍ടിയിൽ നിന്നുള്ള പിന്തുണസംബന്ധിച്ച യാതൊരു ഉറപ്പും രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിക്ക് നൽകിയില്ല.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേരള ഹൗസിലെത്തിയ നേതാക്കൾ അവിടെ അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി. സോളാര്‍ വലിയ തിരിച്ചടിയായി മാറാതിരിക്കാൻ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന സൂചന ഹൈക്കമാന്‍റ് നൽകുന്നുണ്ട്. വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകും അതെന്നും നേതാക്കൾ അറിയിച്ചു. സോളാര്‍ മാത്രമാണ് ഇന്നത്തെ ചര്‍ച്ചയിൽ ഉയര്‍ന്നുവന്നത്. അതേസമയം കേരള നേതാക്കളെ കേസിൽ കുടിക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

click me!