പി.ജി. മാര്‍ക്കിന് വെയിറ്റേജ് സമ്പ്രദായം നിര്‍ത്തലാക്കണം; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

By Web DeskFirst Published Apr 18, 2018, 4:04 PM IST
Highlights
  • ഹയര്‍സെക്കന്‍ററി അധ്യാപക നിയമനം
  • പി.ജി. മാര്‍ക്കിന് വെയിറ്റേജ് നല്‍കുന്നതിനെതിരെ  ഉദ്യോഗാര്‍ത്ഥികള്‍

കോഴിക്കോട്:  ഹയര്‍സെക്കന്‍ററി അധ്യാപക നിയമനത്തില്‍ പി.ജി. മാര്‍ക്കിന് വെയിറ്റേജ് നല്‍കുന്നതിനെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. ഇത് നീതിയുക്തമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പരീക്ഷയെഴുതിയവരുടെയും അടുത്തകാലത്ത് എഴുതിയവരുടെയും മാര്‍ക്കുകള്‍ തമ്മിലും വെയിറ്റേജ് തമ്മിലും വലിയ അന്തരമുണ്ടാകുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

വെയിറ്റേജ് കാരണമുണ്ടാകുന്ന മാര്‍ക്ക് വിത്യാസത്തില്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വെയിറ്റേജ് സമ്പ്രദായം നിര്‍ത്തലാക്കുകയോ സ്‌കോര്‍ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. പിഎച്ച്.ഡി./എം.ഫില്‍ എന്നിവയ്ക്കുള്ള മാര്‍ക്ക്, പി.എസ്.സി. പരീക്ഷാ മാര്‍ക്ക്, അഭിമുഖത്തിന് ലഭിച്ച മാര്‍ക്ക് എന്നിവയും പി.ജി. മാര്‍ക്കിനുള്ള  വെയിറ്റേജുമാണ് കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക റാങ്ക്പട്ടിക തയ്യാറാക്കുമ്പോള്‍ പി.എസ്.സി. പരിഗണിക്കുന്നത്. 

1996ല്‍ പി.ജി. പരീക്ഷ എഴുതിയവരും പരീക്ഷാസമ്പ്രദായം മാറ്റുകയും മാര്‍ക്ക് നല്‍കുന്നത് ഉദാരമാക്കുകയും ചെയ്തതിന് ശേഷമുള്ളവരും നിലവില്‍  ഉദ്യോഗാര്‍ഥികളായുണ്ട്. 2010ല്‍ ഗ്രേഡിങ് സമ്പ്രദായം വന്നതോടെ പൊതുവേ ഉദാരമായാണ് മാര്‍ക്ക് നല്‍കുന്നത്. 2005ലെ റാങ്കുകാരന് 74.4 ശതമാനത്തിന് ശതമാനത്തിന് വെയിറ്റേജ് മാര്‍ക്ക് 22.32 ആണെങ്കില്‍, 2013ല്‍ 93 ശതമാനത്തോടെ റാങ്ക് നേടിയയാള്‍ക്ക് 27.9 മാര്‍ക്ക് വെയിറ്റേജ് നേടാനാകും.  

ഈയൊരു അന്തരം പി.എസ്.സി. പട്ടികയില്‍ വലിയ റാങ്ക് വ്യത്യാസങ്ങള്‍ക്ക് ഇടയാക്കും. അഭിമുഖ, എഴുത്തുപരീക്ഷകളില്‍ ഒരേ മാര്‍ക്ക് ലഭിച്ച രണ്ടുപേരില്‍,  ആദ്യകാലത്ത് പരീക്ഷയെഴുതിയയാള്‍ ചുരുക്കപ്പട്ടികയില്‍ 500 റാങ്കുകള്‍വരെ പിന്നാക്കം പോയതായും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നുു.  2015ലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേല്‍, വെയിറ്റേജ് മാര്‍ക്ക് ഒഴിവാക്കിക്കൊണ്ട് പുതിയത് തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പി.എസ്.സി. അതിനെതിരേ അപ്പീല്‍ പോവുകയാണുണ്ടായത്.  

click me!