
തിരുവനന്തപുരം: ഹയർസെക്കന്‍ററി അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിനായി പുതിയതായി തയ്യാറാക്കിയ പട്ടികയെ ചൊല്ലിയും പരാതി പ്രവാഹം. മുന്‍ഗണനാ വിഭാഗത്തില്‍ യോഗ്യരായവരെ അവഗണിച്ച് എന്‍.ആര്‍.ഐ വിഭാഗത്തെ സ്ഥലംമാറ്റാതെ സംരക്ഷിച്ചെന്നാണ് ആരോപണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിന് പിന്നില്‍ ഭരണപക്ഷ അദ്ധ്യാപക സംഘടനയുടെ കോഴ താല്‍പ്പര്യമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഹയർസെക്കന്‍ററി അദ്ധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് ഏപ്രിലിൽ ഇറക്കിയ ഉത്തരവാണിത്. മെയ് 15 നകം സ്ഥലം മാറ്റം പൂർത്തീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പല കാരണങ്ങളാല്‍ ഇത്തവണ ഇതുവരെയും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. സ്ഥലം മാറ്റത്തിനായി തയ്യാറാക്കിയ പുതിയ പട്ടികയിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. പ്രത്യേക മുന്‍ഗണനാ പട്ടികയിൽ ഉള്‍പ്പെട്ട പട്ടിക ജാതി/ പട്ടിക വർഗം, അന്ധർ, വികലാംഗർ മാരക രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയ 20 വിഭാഗക്കാർക്ക് സ്ഥലം മാറ്റത്തിൽ പരിരക്ഷയുണ്ട്.
എന്നാൽ ഈ ആനുകൂല്യം കൂടുതലും ലഭിച്ചത് ഏറ്റവും അവസാന വിഭാഗമായ എൻ.ആർ.ഐ കുടുംബത്തിനാണ്. മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട 361 പേരിൽ 95 പേരും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. അതേസമയം വിധവകളും വികലാംഗരുമായ പലരേയും വിദൂരങ്ങളിലേക്ക് സ്ഥലംമാറ്റി. എറണാംകുളത്ത് നിന്നും കാഴ്ചയില്ലാത്ത ഒരധ്യാപകനെ സ്ഥലംമാറ്റിയത് കാസർഗോട്ടേക്ക്. തൃശൂരിൽ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്കും മറ്റു വിദൂരസ്ഥലങ്ങളിലേക്കും ഇതുപോലെ അർഹരായ പലരേയും ഓടിച്ചു.