വള്ളിത്തോട് ഹൈവേ നിർമ്മാണത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

By Web DeskFirst Published Oct 14, 2017, 6:51 PM IST
Highlights

വള്ളിത്തോട് മലയോല ഹൈവേ നിർമ്മാണത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. രേഖകളിൽ കൃത്രിമ കുന്നുകൾ കാണിച്ചും, ഉള്ള കുന്നുകൾ നികത്താതെയുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.

ചെയിനേജ് അടിസ്ഥാനമാക്കി, 7.1 കിലോമീറ്റർ വള്ളിത്തോട് മലയോര ഹൈവേയുടെ രൂപരേഖ തയ്യാറാക്കി. പൊതുമരാമത്ത് വകുപ്പ് ഇരിട്ടി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ആണ് ഒപ്പിട്ടിരിക്കുന്നത്. പാതയാരംഭിച്ച് 990 മീറ്ററെത്തുമ്പോൾ 140 മീറ്റർ നീളത്തിൽ മൂന്ന് മീറ്ററിലധികം വരുന്ന് കുന്നുണ്ടെന്ന് രേഖയിൽ. ചെയിനേജ് പ്രകാരം രേഖയിൽ കാണുന്ന സ്ഥലത്ത്, നിരന്ന് കിടക്കുന്ന റോഡാണ്. കുന്ന് മുമ്പെങ്ങും ഇവിടെക്കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാഭിത്തി പോലും പണിയാതെ പോയ ഭാഗത്ത് കാണിച്ചിരിക്കുന്നതും മൂന്ന് മീറ്ററിനടുത്ത് ഉയരമുള്ള കുന്ന്. തൊട്ടപ്പുറത്ത് ഏറ്റവും വലിയ കയറ്റമാണ്. പാറപൊട്ടിച്ച് മാറ്റി കയറ്റം കുറയ്ക്കാനായി വകയിരുത്തിയത് 48 ലക്ഷം രൂപയാണ്.

കുന്നിടിച്ച് കഴിഞ്ഞാൽ വീട്ടിലേക്ക് വഴിയാകുമെന്ന് കരുതി സ്ഥലം വിട്ട് നൽകിയവരെ വരെ കുരുക്കിലാക്കി സ്ഥലം വിട്ടു കരാറുകാർ. കയറ്റം കുറഞ്ഞതുമില്ല. അപകടഭീഷണിയും കുത്തനെയുള്ള കയറ്റവും ഇവിടെത്തന്നെയുണ്ട്. കുഴിയിലായിപ്പോയ വീടുകളും.

വിശദമായി പരിശോധിച്ചാലേ എന്തെങ്കിലും പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കരാറുകാരനോട് ചോദിക്കണമെന്ന് എംഎൽഎയും.

പാതയവസാനിക്കുന്ന വള്ളിത്തോട് ടൗണിലും ഡ്രയിനേജുകളും നടപ്പാതകളും നിർമ്മിക്കാത്തതിനാൽ പിന്നെയും മറ്റൊരു പദ്ധതിയിൽ 30 ലക്ഷം രൂപ ചെലവാക്കി ഇവ നിർമ്മിക്കേണ്ടിയും വന്നു.

കിലോമീറ്ററിന് രണ്ട് കോടിയിലധികം രൂപയെന്ന കണക്കിൽ 7.1 കിലോമീറ്ററിന് 15 കോടി. പൂർത്തിയാക്കാത്ത പണികൾ എണ്ണിയെണ്ണി വിജിലൻസ് തന്നെ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളിൽ ഇനിയെങ്കിലും നടപടിയുണ്ടാകുമോ?

click me!