
മോസ്കോ: നെജീരിയയുടെ സമനില പൂട്ടു പൊട്ടിച്ച് മാക്കസ് റോഹോ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ അതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ആരായിരിക്കും. ലയണല്‍ മെസിയോ, മറഡോണയോ ? എന്നാല്‍ ഇവേരേക്കാളൊക്കെ സന്തോഷിക്കുന്നൊരാള്‍ അര്‍ജന്റീന ടീമിലുണ്ട്. അത് ഗോണ്‍സാലോ ഹിഗ്വയ്‌നാണ്.
ഇന്നലത്തെ മത്സരത്തിന് മുമ്പ് നമുക്ക് കഴിഞ്ഞ ലോകകപ്പ് ഫൈനലിലേക്കൊന്ന് പോകാം. അന്ന് ജര്‍മനിക്കെതിരെ ഹിഗ്വയിന്‍ പാഴാക്കിയ ഗോളവസരങ്ങള്‍ക്ക് കണക്കില്ലായിരുന്നു. ഒടുവില്‍ ഒരു ഗോള്‍ നേടിയപ്പോഴാകട്ടെ അത് നേരിയ വ്യത്യാസത്തില്‍ ഓഫ് സൈഡായി. അതോടെ അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നവനെന്ന ചീത്തപ്പേരിനൊപ്പം അര്‍ജന്റീനയുടെ ഫൈനല്‍ തോവിയുടെ കാരണക്കാരിലൊരാളും ഹിഗ്വയ്നായി.
റഷ്യന്‍ ലോകകപ്പിനുള്ള ടീമില്‍ ഹിഗ്വയ്‌നെ ഉള്‍പ്പെടുത്തിയപ്പോഴും ഏറെ വിമര്‍ശനമുയര്‍ന്നു. ഇക്കാര്‍ഡിയെപ്പൊലൊരാളെ ഒഴിവാക്കി അവസരങ്ങള്‍ പാഴാക്കുന്ന ഹിഗ്വയ്‌നെ എടുത്തതില്‍ ആരാധകര്‍ കടുത്ത അമര്‍ഷത്തിലുമായിരുന്നു.
നൈജീരിയക്കെതിരായ മത്സരത്തില്‍ വിജയഗോളിന് തൊട്ടുമുമ്പ് ഹിഗ്വയ്‌ന് ഗോളിലേക്കുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് പുറത്തേക്കടിച്ചു കളയുന്ന ഹിഗ്വയ്നെ കണ്ടപ്പോള്‍ ആരാധകര്‍ തലയില്‍ കൈവെച്ചുപോയി. ഇറ്റാലിയന്‍ ലീഗില്‍ 29 ഗോളുകള്‍ നേടി ഗോള്‍വേട്ടയില്‍ മുന്നിലുള്ള താരമാണ് ഹിഗ്വയ്‌ന്‍. എന്നിട്ടും അനായാസം ഗോളിലേക്ക് നിറയൊഴിക്കാമായിരുന്ന ഷോട്ട്ഹിഗ്വയ്ന്‍ പുറത്തേക്കടിച്ചു കളഞ്ഞു.
അതുകൊണ്ടുതന്നെ അര്‍ജന്റീന സമനില വഴങ്ങി പുറത്തായിരുന്നെങ്കില്‍ അതിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വരുന്ന താരങ്ങളിലൊരാള്‍ ഹിഗ്വയ്ന്‍ ആവുമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ ഹിഗ്വയ്ന്‍ അഗ്യൂറോക്ക് പകരമാണ് ഇന്നലെ ആദ്യ ഇലവനില്‍ കളിച്ചത്. മാര്‍ക്കസ് ഗോള്‍ നേടിയപ്പോള്‍ അത് വ്യക്തിപരമായി തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് മത്സരശേഷം ഹിഗ്വയ്ന്‍ പറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam