
ദില്ലി: ജഡ്ജിമാരെ നിയമിക്കാൻ തീരുമാനം എടുക്കുന്നില്ലെങ്കിൽ കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയച്ചു. അതിനിടെ ചീഫ് ജസ്റ്റിസിന്‍റെ അധികാരങ്ങൾ ചോദ്യം ചെയ്തുള്ള കേസ് കേൾക്കാൻ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിസമ്മതിച്ചു.
ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടൽ തടയണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കത്തയച്ചിന് പിന്നാലെയാണ് ജസ്റ്റിസ് കുര്യൻ ജോസഫും ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും കത്തയച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.എം ജോസഫ്, അഭിഭാഷകയായ ഇന്ദുമൽഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയിൽ മൂന്നുമാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇത് ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ കത്ത്.
ഇക്കാര്യം പരിശോധിക്കാനായി ഏഴംഗ ഭരണഘടന ബെഞ്ച് വിളിച്ചുചേര്‍ക്കണം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജീയം ശുപാര്‍ശയിൽ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് നിര്‍ദ്ദേശം നൽകണം. അത് അംഗീകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യനടപടികൾ സ്വീകരിക്കണം. സുഖപ്രസവം നടക്കില്ലെങ്കിൽ പിന്നെ സിസേറിയൻ തന്നെയാണ് വേണ്ടത്. അതല്ലെങ്കിൽ കുഞ്ഞ് മരിച്ചുപോകുമെന്ന് കത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ഓര്‍മ്മിപ്പിക്കുന്നു.
ജഡ്ജിമാരുടെ നിയമനത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവായാരിക്കും. ജുഡീഷ്യറിയോടുള്ള അന്തസും ആദരവും ഓരോദിവസവും താഴോട്ടുപോവുകയാണെന്നും കത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്‍റെ അധികാരങ്ങൾ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകൻ ശാന്തിഭൂഷൻ നൽകിയ ഹര്‍ജി പരിഗണിക്കാൻ ഇതിനിടെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിസമ്മതിച്ചു.
തന്‍റെ ഉത്തരവ് 24 മണിക്കൂറിനകം റദ്ദാകുന്ന സാഹചര്യം ആവര്‍ത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ ആവശ്യത്തോടായിരുന്നു ജസ്റ്റിസ് ചെലമേശ്വരിന്‍റെ മറുപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണ വിധേയനായ മെഡിക്കൽ കോഴ കേസ് ഭരണഘടന ബെഞ്ചിന് വിട്ട ജസ്റ്റിസ് ചലമേശ്വരിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കിയിരുന്നു. ശാന്തിഭൂഷന്‍റെ ഹര്‍ജി പരിശോധിക്കാമെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് കോടതി തന്നെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam