സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

By Asianet NewsFirst Published Apr 21, 2016, 9:10 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തമുണ്ടാക്കാന്‍ അബ്കാരികള്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് പ്രതിപക്ഷവും നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അട്ടിമറി സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ചൂണ്ടികാട്ടി ഇന്റലിജന്‍സ് ഡിജിപി എ.ഹേമചന്ദ്രന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ചയാണ് ഇന്റലിജന്‍സ് ഡിജിപി എ.ഹേമചന്ദ്രന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിന്റ മദ്യ നയം മൂലം കോടികളുടെ നഷ്‌ടം സംഭവിച്ച അബ്ദാകരി ബിസിസുകാര്‍ സര്‍ക്കാരിനെതിരെ വിലപേശാനും മുള്‍മുനയില്‍ നിര്‍ത്താനും ശ്രമിക്കും.  പൂട്ടിയ ബാറുകള്‍ തുറക്കാന്‍  പ്രതിപക്ഷ പാര്‍ട്ടികളും സഹായിക്കില്ലെന്ന് അവരുടെ പ്രഖ്യാപനത്തോടെ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍  വ്യാജ മദ്യം ഒഴുക്കാനും അതുവഴിയുള്ള ദുരന്തത്തിനും സാധ്യതയേറിയിരിക്കുകയാണ്.

വ്യാജ മദ്യ ദുരന്തമുണ്ടാക്കി സര്‍ക്കാരിന്റെ നയം തെറ്റാണെന്ന് സ്ഥാപിക്കുതയാകും അബ്കാരികളുടെ ലക്ഷ്യം. ഇതിന് എക്‌സൈസിലെയും - പൊലീസിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കള്ള ഷോപ്പുകളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണവും പരിശോധനയും കര്‍ശമാക്കണം. ഉത്സവ സ്ഥലങ്ങളും ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുമാണ് വ്യാജ മദ്യവിതരണത്തിന്രഎ സാധ്യതയുള്ളത്.  

അതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജാഗ്രത പാലിക്കണം. അതിര്‍ത്തികടന്ന് വ്യാജ മദ്യവും സ്‌പരിറ്റും ഒഴിവാക്കാനുള്ള സാധ്യത തടയാനായി പ്രത്യേകം പരിശോധനകള്‍ ആവശ്യമാണെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവധിയില്‍ കഴിയുന്ന ഉദ്യോഗസ്ഥരോട് ഉടന്‍ ജോലിക്ക് ഹാജരാകാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം  നല്‍കി. തെരഞ്ഞെടുപ്പ് കഴിയുന്നവരെ അവധി അനുവദിക്കില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

 

click me!