മുന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹോസ്‌നി മുബാറക് ജയില്‍ മോചിതനായി

By Web DeskFirst Published Mar 24, 2017, 3:53 PM IST
Highlights

കെയ്‌റോ:  മുന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹോസ്‌നി മുബാറക് ജയില്‍ മോചിതനായി. ആറു വര്‍ഷത്തിന് ശേഷമാണ് മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് പുറംലോകം കാണുന്നത്. 2011ല്‍ നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ കോടതി മുബാറകിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2011 ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയ ദിവസങ്ങളും ആശുപത്രിയിലായിരുന്നു ഈജിപ്ഷ്യന്‍ ഏകാധിപതി കഴിഞ്ഞിരുന്നത്.

2011ലെ കൂട്ടക്കൊലയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന മുബാറകിനും പങ്കുണ്ടെന്നായിരുന്നു കേസ്. 2012ല്‍ മുബാറകിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേസില്‍ പുനരന്വേഷണത്തിന് മേല്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുബാറകിനെ കുറ്റവിമുക്തനാക്കിയത്. 18 ദിവസം നീണ്ടു നിന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേരാണ് കൊല്ലപെട്ടത്.

2016 ജനുവരിയില്‍ അഴിമതി കേസുകളില്‍ ഹോസ്‌നി മുബാറക്കിനും മക്കളായ അലാ മുബാറക്കിനും, ഗമാല്‍ മുബാറക്കിനും തടവ് വിധിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ പാലസ് നവീകരിക്കുന്നതിനായി നീക്കിവെച്ച് 1.4 കോടി ഡോളര്‍ അപഹരിച്ചെന്നായിരുന്നു കേസ്. 

പാലസ് നവീകരണത്തിന് നീക്കിവെച്ച തുക കെയ്‌റോയിലും ചെങ്കടല്‍ തീരത്തുമുള്ള തന്റെ സ്വകാര്യ ബംഗ്ലാവുകളും ഫാം ഹൗസുകളും നവീകരിക്കാന്‍ ഉപയോഗിച്ചെന്നായിരുന്നു മുബാറകിനെതിരായ ആരോപണം.

2011ല്‍ ഉണ്ടായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹോസ്‌നി മുബാറകിന് സ്ഥാനമൊഴിയേണ്ടി വന്നത്. ബഹുജന പ്രക്ഷോഭത്തിന് ശേഷം അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്താണ് മുബാറകിനെതിരെ വിചാരണക്ക് ഉത്തരവിട്ടത്. മുഹമ്മദ് മുര്‍സിയെ അട്ടിമറിയിലൂടെ സൈന്യം പുറത്താക്കുകയായിരുന്നു.

click me!