കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ നിസഹകരണസമരം തുടങ്ങി

By Web DeskFirst Published Dec 10, 2017, 8:09 AM IST
Highlights

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ അനിശ്ചിതകാല നിസഹകരണസമരം തുടങ്ങി. വാർഡുകളിൽ രോഗികളുടെ രക്തസാമ്പിളുകൾ എടുക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2004ലെ സർക്കാർ ഉത്തരവ് പ്രകാരം രോഗികളുടെ രക്തസാമ്പിളുകൾ എടുക്കേണ്ട ഡ്യൂട്ടി നഴ്സുമാർക്കാണ്. 

എന്നാൽ നഴ്സിംഗ് ജീവനക്കാരുടെ എണ്ണക്കുറവും രോഗീപരിചരണവും കണക്കിലെടുത്ത് ഉച്ചക്ക് ഒരു മണിക്ക് ശേഷം രക്തസാമ്പിളുകൾ എടുക്കുന്നതിന് ഹൗസ് സർജൻമാർ സഹായിക്കുകയായിരുന്നു. ഇപ്പോൾ ആവശ്യത്തിന് നഴ്സുമാരെ നിയമിച്ചതിന് ശേഷവും അവർ രക്തസാമ്പിളുകൾ ശേഖരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഹൗസ് സർജൻമാരുടെ പരാതി. ഇപ്പോൾ രക്തം ശേഖരിക്കുക മാത്രമാണ് ഹൗസ് സർജൻമാരുടെ ജോലി എന്ന അവസ്ഥയിലാണെന്നാണ് പരാതി. 

തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലേത് പോലെ രക്തം ശേഖരിക്കാൻ ബ്ലീഡർമാരെ നിയമിക്കണമെന്നാണ് ആവശ്യം. തീവ്രപരിചരണ വിഭാഗത്തെയും അത്യാഹിതവിഭാഗത്തെയും സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രക്തം ശേഖരിക്കുന്നതിന് ബ്ലീഡർമാരെ നിയമിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

click me!