
2013 ജൂണ്‍ 30നാണ് അട്ടപ്പാടി നരസിമുക്കില്‍ താമസിച്ചുവന്ന സീനത്തിനെയും അഞ്ച് വയസുകാരന്‍ മകന്‍ ഷാനിഫിനെയും കാണാതാകുന്നത്. സീനത്തിന്റെ ഭര്‍ത്താവ് ചിദംബരം സ്വദേശിയായ ശങ്കര്‍ ഇവരെ കാണാനില്ലെന്ന് 2013 ജൂലൈ രണ്ടിന് പരാതിയും നല്‍കി. പൊലീസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സീനത്തിന്റെ ഫോണ്‍ എവിടെയെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അത്യന്തം മൃഗീയമായ കൊലപാതകത്തിന്റെ കഥ പുറത്താവുന്നത്. കാണാതായ ദിവസം മുതല്‍ സീനത്തിന്റെ ഫോണ്‍ ഓഫായിരുന്നു. എന്നാല്‍ അടുത്തിടെ ഫോണ്‍ പ്രവര്‍ത്തനത്തിലായി. തുടര്‍ന്ന് ഫോണ്‍ 300 രൂപയ്ക്ക് ശങ്കര്‍ വിറ്റതാണെന്ന് തെളിഞ്ഞു. സീനത്ത് ആദ്യ ഭര്‍ത്താവിനൊപ്പം പോയെന്നറിയിച്ച് ഒരു ഫോണ്‍ കോള്‍ വന്നത് ശങ്കറിന്റെ നിര്‍ദേശപ്രകാരം കാമുകി റാണിയില്‍ നിന്നാണെന്നും തെളിഞ്ഞു. തുടര്‍ന്ന് റാണിയെയും ശങ്കറിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. റാണിയുടെ കൂടെ ജീവിക്കുന്നതിന് ഭാര്യയും മകനും തടസമാകുമെന്ന് മനസിലാക്കിയ ശങ്കര്‍ ഇരുവരെയും കൂട്ടി 450 കി.മി അകലെയുള്ള സ്വന്തം നാടായ ചിദംബരത്തെത്തി. റാണിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. റാണി വാങ്ങിവച്ച ഉറക്കഗുളിക മധുരത്തില്‍ പൊടിച്ച് ചേര്‍ത്ത് സീനത്തിനും മകനും നല്‍കിയ ശേഷം കത്തി കൊണ്ട് കഴുത്തറുത്ത് മൃതദേഹം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം അട്ടപ്പാടിയില്‍ മടങ്ങിയെത്തിയ പ്രതി അഗളി പൊലീസില്‍ പരാതിയും നല്‍കി. പിന്നീടാണ് സീനത്ത് ആദ്യ ഭര്‍ത്താവിനൊപ്പം പോയെന്ന് വരുത്തിതീര്‍ക്കാന്‍ റാണി ഫോണ്‍ നാടകം നടത്തിയത്. സുഹൃത്തുക്കളോട് സീനത്തിനെയും മകനെയും അടുത്തിടെ മണ്ണാര്‍ക്കാട് വച്ച് കണ്ടെന്ന് പൊലീസില്‍ പറയാന്‍ പ്രതി ഏല്‍പ്പിച്ചിരുന്നു. നാല് വര്‍ഷം തുമ്പില്ലാതെ കിടന്ന കേസാണ് അഗളി ഡിവൈഎസ്‌പി ടികെ സുബ്രഹ്മണ്യന്റെയും സിഐ സിദ്ദിക്കിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തെളിഞ്ഞത്. അടുത്ത ദിവസം പ്രതികളെയും കൊണ്ട് തെളിവെടുപ്പിനായി പൊലീസ് ചിദംബരത്ത് പോകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam