എംഎല്‍എമാരെ സംരക്ഷിക്കാന്‍ ശശികലയ്ക്ക് ചിലവായത്..!

By Web DeskFirst Published Feb 15, 2017, 7:33 AM IST
Highlights

ചെന്നൈ:  ശശികലയെ സുപ്രീംകോടതി കുറ്റക്കാരിയായി വിധിച്ചതോടെ എന്താണ് തമിഴ്നാട് രാഷ്ട്രീയത്തിലെ അടുത്ത നീക്കങ്ങള്‍ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശശികല സ്വന്തം സംരക്ഷണയില്‍ സൂക്ഷിച്ച എംഎല്‍എമാരുടെ ചിലവാണ് ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

പനീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് ശശികല 120ല്‍ ഏറെ എംഎല്‍എമാരെ ചെന്നൈ ഈസ്റ്റ്കോസ്റ്റ് റോഡിലെ രണ്ട് റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്. ഇതില്‍ തന്നെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി  ചെന്നൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗോൾഡൻ ബേയ്സ് എന്ന റിസോർട്ടിൽ പെട്ടെന്നാർക്കും എത്തിപ്പെടാനോ പുറത്തുപോകാനോ കഴിയുമായിരുന്നില്ല. മൂന്ന് വശത്തും കടലാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോർട്ടിലാണ് രാഷ്ട്രീയത്തിലെ തന്റെ് ഭാവി നിർണയിക്കപ്പെടുന്നതിന് തലേന്ന് രാത്രി തങ്ങാൻ ശശികല തീരുമാനിച്ചത്. 

വിശാലമായ റിസോർട്ടും സുഭിക്ഷമായ ഭക്ഷണവും യഥേഷ്ടം മദ്യവും. കന്നിക്കാരായ എംഎൽഎമാരാണ് കോളടിച്ചത്. റിസോർട്ടിലെ സകല താമസക്കാരെയും പിറ്റേന്നത്തേയ്ക്ക് ഒഴിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള വിനിമയോപാധികൾ മുഴുവൻ കൈമാറേണ്ടിവന്നെങ്കിലും, വാ‍ർത്തയോ, ടിവിയോ, ഇന്റഅർനെറ്റോ ഇല്ലെങ്കിലും മറ്റ് സൗകര്യങ്ങൾക്ക് റിസോർട്ടിൽ ഒരു കുറവുമുണ്ടായിരുന്നില്ല. 

അതേസമയം, എംഎൽഎമാർക്ക് കാവലായി മണ്ണാർഗുഡിയിൽ നിന്ന് എത്തിയ അഞ്ഞൂറോളം ബൗൺസർമാർ റിസോർട്ടിന് പുറത്ത് സദാസമയവും കാവലിരുന്നു.– സി – ആകൃതിയിൽ മൂന്ന് ഭാഗത്തും കടലാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോർട്ടിൽ നിന്ന് ബൗൺസർമാരറിയാതെ പുറത്തുപോവാൻ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. 

വിവരമറിഞ്ഞ് റിസോർട്ടിന് പുറത്തെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞതും ഈ ബൗൺസർമാർ തന്നെ. ഗുണ്ടകളെപ്പോലെ മാധ്യമപ്രവർത്തകരെ ഇവർ കൈകാര്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് പലപ്പോഴും സംഘർഷത്തിനിടയാക്കി. സ്വന്തം വീട്ടിലേയ്ക്ക് കടക്കാൻ പോലും ബൗൺസർമാർക്ക് മുന്നിൽ ഐഡി കാർഡുകൾ കാണിക്കേണ്ടി വന്നപ്പോൾ നാട്ടുകാരും പ്രതിഷേധിച്ചു. അപ്പോഴും കൈകയും കെട്ടി നോക്കി നിൽക്കുകയായിരുന്നു പൊലീസ്. 

ഒടുവിൽ എംഎൽഎമാർ എവിടെയെന്ന് ഹൈക്കോടതിയും ഗവർണറും ചോദിച്ചപ്പോഴാണ് പൊലീസ് റിസോർട്ടിന്റെ  ഗേറ്റ് കടക്കാൻ പോലും തയ്യാറായത്. അതിന് ശേഷം പിന്തുണ ഉറപ്പിയ്ക്കാൻ രണ്ട് തവണ ശശികലയും ഇവിടെയെത്തി. രാഷ്ട്രീയത്തിലെ തന്റെ് വിധി നിർണയിക്കപ്പെട്ട ദിവസത്തിന് തലേന്ന് 33 വർഷം കഴിഞ്ഞ പോയസ് ഗാർഡന് പകരം ഈ റിസോർട്ടിൽ തങ്ങാനായിരുന്നു ശശികലയുടെയും സഹോദരൻമാരുടെയും മറ്റ് ബന്ധുക്കളുടെയും തീരുമാനം. 

എന്നാല്‍ എത്രയാണ് ഈ റിസോര്‍ട്ടിലെ ചിലവ് എന്നതാണ് പ്രധാനമായും ചര്‍ച്ച, 5,500,6,600,9000 എന്നിങ്ങനെ പ്രതിദിന വാടകയുള്ള റൂമുകളാണ് ഈ റിസോര്‍ട്ടിലുള്ളത്. മാസ് ബുക്കിംഗിന് 7000 രൂപവരെ കിഴിവ് പ്രധാന സ്യൂട്ടിന് ലഭിക്കും എങ്കിലും ഇവിടുത്തെ റൂം വാടകമാത്രം ഏഴു ദിവസത്തില്‍ 25 ലക്ഷത്തോളം വരുമെന്നാണ് കണക്ക്. ഇതിന് പുറമേയാണ് ഭക്ഷണവും മദ്യവും. 200 ല്‍ ഏറേപ്പേര്‍ ഇത്രയും ദിവസവും താമസിച്ച് ഇവിടുന്ന് ഭക്ഷണവും മദ്യവും കഴിച്ചാല്‍ 25 മുതല്‍ 40 ലക്ഷം വരെ ഇതിന് മാത്രം ചിലവ് വരാം എന്നാണ് കണക്ക്. ഇതിന് പുറമേ എല്ലാ എംഎല്‍എമാര്‍ക്കും അവരുടെ സഹായികള്‍ക്കും 1000 രൂപയ്ക്ക് മുകളിലുള്ള പുതിയ വസ്ത്രങ്ങളും ശശികല ക്യാമ്പ് വിതരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. എല്ലാം കൂടി കോടികളാണ് ഗോള്‍ഡന്‍ ബേയില്‍ മന്നാര്‍കുടി മാഫിയ പൊടിക്കുന്നത്.
 

click me!