സ്ത്രീകളെയും കുട്ടികളെയും 13 മണിക്കൂര്‍ പൊലീസ് വാഹനത്തില്‍ ഇരുത്തിയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By Web DeskFirst Published Jul 21, 2016, 1:39 AM IST
Highlights

പീച്ചി വനമേഖലയോട് ചേര്‍ന്ന വട്ടപ്പാറയില്‍ 48 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെ മുന്നൂറിലധികം വീട്ടുകാരാണ് താമസിക്കുന്നത്. ആറ് ക്വാറികളും നാല് ക്രഷര്‍ യൂനിറ്റുകളുമാണ് ഇവിടെ  പ്രവര്‍ത്തിക്കുന്നത്. ക്വാറികള്‍ക്കെതിരായ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10 കുട്ടികളെയും 29 അമ്മമാരെയുമാണ് 13 മണിക്കൂറിലധികം പൊലീസ് വാഹനത്തില്‍ ഇരുത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍, പൊലീസ് കമ്മീഷ്ണര്‍ എന്നിവര്‍ രണ്ടാഴ്ചയ്‌ക്കകം വിശദീകരണം നല്‍കാനും ഉത്തരവിട്ടു. 

ഇതിനിടെ ക്വാറി മാഫിയയ്‌ക്ക് അനുകൂലമായി ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചത് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വനമേഖലയോട് ചേര്‍ന്ന പട്ടയഭൂമി കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പട്ടയം റദ്ദ് ചെയ്യണമെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി മാര്‍ച്ച് 23 ന് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പമാണ് വനഭൂമിയില്‍ പട്ടയം കൊടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തീരുമാനം നിയമ സഭയ്‌ക്കേ എടുക്കാന്‍ അധികാരമുള്ളൂ എന്ന നിയമവശവും. ഇക്കാര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ക്വാറികളുടെ പട്ടയം റദ്ദാക്കാതിരുന്ന ജില്ലാ കളക്ടറുടെ നടപടി ദുരൂഹമാണെന്നും മലയോര സമിതി ആരോപിക്കുന്നു.

click me!