എഴുത്തുകാരന്‍ കാഞ്ച ഇലയ്യക്ക് നേരെ ചെരുപ്പേറ്

By Web DeskFirst Published Sep 25, 2017, 2:00 AM IST
Highlights

തെലങ്കാന: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യക്ക് നേരെ ചെരുപ്പേറ്. തെലങ്കാനയിലെ വാറങ്കലില്‍ വൈശ്യ സംഘടനാ പ്രവര്‍ത്തകരാണ് ഇലയ്യയെ ആക്രമിച്ചത്. വൈശ്യ സമുദായത്തെ അപമാനിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. 

തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കാഞ്ച ഇലയ്യ പരാതി നല്‍കി. പൊലീസ് അകമ്പടിയോടെയാണ് പിന്നീട് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്.

വൈശ്യര്‍ സാമൂഹിക കളളക്കടത്തുകാര്‍ എന്നര്‍ത്ഥം വരുന്ന കാഞ്ച ഇലയ്യയുടെ പുസ്തകം 'സാമാജിക സ്മഗ്ലരു കോമാട്ടലു'വിന് എതിരെ വൈശ്യ സംഘടനകള്‍ പ്രതിഷേധത്തിലാണ്. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നേരെ വാറങ്കലിലുണ്ടായ അക്രമവും.ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വൈശ്യ സംഘടനകളുടെ പ്രതിഷേധയോഗത്തിന് അടുത്ത് ഇലയ്യയുടെ വാഹനം എത്തി.

കാഞ്ച ഇലയ്യ ആണെന്ന് തിരിച്ചറിഞ്ഞ ചിലര്‍ വാഹനം തടഞ്ഞു. കൂടുതല്‍ പേര്‍ സംഘടിച്ചു. അദ്ദേഹം ഇരിക്കുന്ന ഭാഗത്തേക്ക് ചെരിപ്പെറിഞ്ഞു. ഡ്രൈവര്‍ ഉടന്‍ അടുത്തുളള പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ ഓടിച്ചുകൊണ്ടുപോയി. സ്റ്റേഷന് മുന്നിലും വൈശ്യ സംഘടനകള്‍ പ്രതിഷേധിച്ചു. ഇതറിഞ്ഞ് ചില ദളിത് സംഘടനാ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി.പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

വൈശ്യ സമുദായത്തെ വിമര്‍ശിക്കുന്ന പുതിയ പുസ്തകത്തിന്റെ പേരില്‍ നിരവധി ഭീഷണികള്‍ നേരത്തെ കാഞ്ച ഇലയ്യക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തെ പരസ്യമായി തൂക്കിക്കൊല്ലുമെന്ന് ടിഡിപി നേതാവ് ടിജി വെങ്കടേഷ് ഭീഷണി മുഴക്കി. വൈശ്യ സമുദായത്തെ ഭിന്നിപ്പിക്കാനാണ് ഇലയ്യയുടെ ശ്രമമെന്നായിരുന്നു ആരോപണം.

നാവരിയുമെന്ന് അജ്ഞാതര്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഇലയ്യ ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസിനും പരാതി നല്‍കിയിരുന്നു.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘം ആയിരിക്കും അതിന് പിന്നിലെന്ന് കാഞ്ച ഇലയ്യ ഈയിടെ പറഞ്ഞിരുന്നു.

click me!