ദളിത് കുടുംബത്തെ വഴിയാധാരമാക്കി; ബിജെപിക്കെതിരെ നിയമ പോരട്ടത്തിനൊരുങ്ങി ഐബി സതീഷ് എംഎല്‍എ

By Web DeskFirst Published Jul 14, 2017, 7:10 AM IST
Highlights

തിരുവനന്തപുരം: കാട്ടാക്കടയില്‍ ദളിത് കുടുംബത്തിന്റെ ഭൂമി സ്വകാര്യവ്യക്തി തട്ടിയെടുത്തെന്നാരോപിച്ചി ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രക്ഷോഭങ്ങളെ നിയമപരമായി നേരിടുമെന്ന് കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷ്. കയ്യേറ്റ  ഭൂമിയെന്ന്  കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യവ്യക്തി വാങ്ങിയ ഉത്തരവിനെത്തുടര്‍ന്ന് ദളിത് കുടുബത്തെ സ്വന്തം വസ്തുവില്‍ നിന്നും കുടിയൊഴിപ്പിച്ചെന്നാരോപിച്ച് ബിജെപി ഹര്‍ത്താലടക്കം പ്രക്ഷോഭം നടത്തിയിരുന്നു.

എന്നാല്‍ ഒരു ദളിത് കുടുംബത്തെ നിയമവിരുദ്ധ നടപടികള്‍ക്ക് പ്രേരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വഴിയാധാരമാക്കിുകയാണ് ബിജെപിയെന്നാണ് ഐ.ബി. സതീഷ് എംഎല്‍എ പറയുന്നത്. ബിജെപിക്കെതിരെ ഒരു നിയമ പോരാട്ടം ആരംഭിക്കുകയാണ്. വിജയം സുനിശ്ചിതമെന്ന് നിയമ വിദ്യാഭ്യാസവും, ഹ്രസ്വകാലത്തെ അഭിഭാഷകവൃത്തിയും ഉറപ്പിച്ചു ബോധ്യപ്പെടുത്തുന്ന ഒരു നിയമ പോരാട്ടമെന്ന് എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും ആര്‍എസ്എസും നടത്തി കൊണ്ടിരിക്കുന്ന നുണകള്‍ക്കെതിരെ ഇനിയും നിശബ്ദനാകുന്നത് ഒരു ചെറു ന്യൂനപക്ഷത്തിനെങ്കിലും സംശയത്തിനിടയാക്കിയേക്കും. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജൂലൈ 3 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ് നോട്ടും പത്രസമ്മേളനവും തുടര്‍ന്ന് വന്ന വാര്‍ത്തകളും അപകീര്‍ത്തി സൃഷ്ടിക്കാനുള്ള നീചമായ നീക്കത്തിന്റെ സൃഷ്ടിയാണ്.

ഒരു വലിയ നുണ ഫാക്ടറിയുടെ പി.ആര്‍.ഒ പണി ചെയ്യുന്ന ലാഘവം മാത്രമേ ഇന്ത്യ ഭരിക്കുന്ന പാര്‍ടിയുടെ ജില്ലാ അധ്യക്ഷനുള്ളൂവെന്ന് ആ പത്രസമ്മേളനം ബോധ്യപ്പെടുത്തുന്നു. ഒരു കള്ളം നൂറാവര്‍ത്തി കഴിയുമ്പോള്‍ സത്യമാണെന്ന് നുണ ഉല്‍പാദിപ്പിച്ച തലച്ചോറിന്റെ ഉടമക്ക് തന്നെ തോന്നുമെന്നതാണ് ഫാസിസമെന്ന മനോരോഗത്തിന്റെ സവിശേഷത. അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് മേല്‍ പറഞ്ഞത്.

വിമാനം റാഞ്ചുന്ന ഭീകരരുടെ തോക്കിന്‍ മുനക്കു കീഴിലകപ്പെട്ട അവസ്ഥയിലാണ് ആ കുടുംബം. രാഷ്ട്രീയ ആയുധമായി ആ കുടുംബത്തെ പരിഗണിക്കുന്ന രാഷ്ട്രീയ അധമത്വം... പൗരബോധവും നിയമസാക്ഷരതയുമുള്ളവര്‍ക്ക് സഹിക്കാനാകുന്നതല്ല... തുടര്‍ച്ചയായ കോടതി വിധികള്‍ക്കെതിരെ നിയമ പോരാട്ടം നടത്താതെ വില്ലേജാഫീസില്‍ താമസിപ്പിച്ച് നിയമ വിരുദ്ധ സമരം സംഘടിപ്പിക്കുന്നത് ദേശീയ പാര്‍ടിയുടെ പക്വത ആണോ?

നിയമവാഴ്ചയെ സംഘ പരിവാരം എങ്ങനെ കാണുമെന്ന് വിളംബരം ചെയ്യുന്നതാണ് ഈ ധിക്കാരം. നിയമവാഴ്ചയോടുളള വെല്ലുവിളി മാത്രമല്ല ഒരു ദളിത് കുടുംബത്തിന്റെ നിസഹായതയെ മുതലെടുക്കുക കൂടിയാണ്.. കേസുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ നാട്ടിലെത്തിയാലുടന്‍ പോസ്റ്റ് ചെയ്യും.. പത്രസമ്മേളനത്തിലെ വെറും നുണകള്‍ക്ക് തിരുവനന്തപുരത്തെ ബി.ജെ.പി ക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വില തന്നെയായിരിക്കും.

വൈകൃത മനസുകള്‍ സൃഷ്ടിക്കുന്ന ഭാവനയില്‍ വിരിയുന്ന പെരുംനുണകള്‍ സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നത് പ്രതിരോധിക്കാനും, ഫാസിസത്തെ തുറന്നു കാട്ടാന്‍ നിയമ പോരാട്ടങ്ങളും ബഹുജന മുന്നേറ്റങ്ങളോടൊപ്പം കണ്ണി ചേര്‍ക്കപ്പെടണം എന്നത് കൊണ്ട് കൂടിയാണ് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചു നിയമ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് ഐ.ബി. സതീഷ് വ്യക്തമാക്കുന്നു.

click me!