ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം താല്‍കാലികമായി അവസാനിപ്പിക്കുന്നു

By Web DeskFirst Published May 9, 2017, 2:33 PM IST
Highlights

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം 2019ല്‍ പുനരാരംഭിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ കുട്ടികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയ നടപടിക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നേടിയെടുക്കാനും ശ്രമം തുടങ്ങി . ഇതിനിടെ ഭാവി അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

അടിസ്ഥാന സൗകര്യങ്ങളില്ല, അധ്യാപകരില്ല. ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജാക്കി. പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി വന്ന 100 കുട്ടികളുടെ ഭാവി അവതാളത്തിലായിരിക്കുന്നു‍. ഈ സാഹചര്യത്തിലായിരുന്നു വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിക്കൊണ്ട് മൂന്നാം വര്‍ഷ പ്രവേശനം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയ നടപടി പക്ഷേ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. മെഡിക്കല്‍ കോളജ് നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ഥികളെ മാറ്റാനാകില്ലെന്ന് കൗണ്‍സില്‍ നിലപാടടെുത്തു. ഈ നിലപാടിലാണ് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക. എന്നാല്‍ ഇത്തരമൊരു അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രണ്ടുവര്‍ഷത്തേക്ക് മെഡിക്കല്‍ കോളജ് വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇനി 2019ല്‍ മാത്രമേ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങു. ഈ കാലയളവിനുള്ളില്‍ അക്കാദമിക് ബ്ലോക്കും ആശുപത്രി ബ്ലോക്കും പണി പൂര്‍ത്തിയാക്കും. അതിനുശേഷം 2019ല്‍ പ്രവേശനാനുമതി തേടി മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

click me!