
തിരുവനന്തപുരം: പാലോട് വനമേഖലയിൽ ഐഎംഎയുടെ നിര്‍ദ്ദിഷ്ട ആശുപത്രിമാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ റവന്യു വകുപ്പും. ഭൂരിഭാഗം ഭൂമിയും ഭൂരേഖാ രജിസ്റ്ററനുസരിച്ച് നിലമാണെന്നും കണ്ടൽകാടുകളും സ്വാഭാവിക നീരുറവയുമുള്ള പ്രദേശത്ത് നിര്‍മ്മാണ അനുമതി നൽകാനാകില്ലെന്നുമാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട്
പെരിങ്ങമല വനമേഖലയില്‍ ഓടുചുട്ടപ്പടുക്ക ചതുപ്പ് എന്ന പേരിലറിയപ്പെടുന്ന ഭൂമിയിയാണ് മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ ഐഎംഎ വാങ്ങിയത്. ആകെ ആറേക്കര്‍ എണ്‍പത് സെന്‍റ്. ഒരേക്കര്‍ എണ്‍പത് സെന്‍റ് ഒഴികെ ബാക്കിയെല്ലാം ബിടിആര്‍ അനുസരിച്ച് നിലമാണ്.
യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കും അനുമതി നൽകാനാകില്ലെന്നാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട് . മാത്രമല്ല ഭൂമിയുടെ നടുക്ക് കണ്ടൽകാടിനിയിലൂടെ നീരുറവയുണ്ട്. അതീവ പരിസ്ഥിതി ലോല പ്രദേശമാണ്. വന്യജീവികളും സംരക്ഷിത മരങ്ങളും ചേര്ന്ന ആവാസ വ്യവസ്ഥ.
അതിനിടെ പ്ലാന്‍റിനെതിരെ പ്രദേശവാസികൾ പ്രത്യക്ഷ പ്രതിഷേധം തുടങ്ങി. സമരപ്പന്തൽ കെട്ടി ഹോൾഡ്
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ നിന്ന് ഒന്നരകിലോമീറ്റര്‍. നിര്‍ദ്ദിഷ്ട ഭൂമിയുടെ 350 മീറ്റര്‍ മാറി താന്നിമൂട് കാണി സെറ്റിൽമെന്റ് . 66 കുടുംബങ്ങളിലായി 200 ഓളം പേരുണ്ടിവിടെ. ചോനമല പട്ടികജാതി കോളനിയും അടിപറമ്പുകോളനിയും അടക്കം 1000 ഓളം പേര്‍ താമസിക്കുന്ന സ്ഥലമാണ്
പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള അനുമതി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണെന്ന നിര്‍ണ്ണായക വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ആരോഗ്യമന്ത്രി പ്ലാന്റിനെ അനുകൂലിച്ചപ്പോള്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ഡികെ മുരളി പ്ലാന്റിനെ എതിര്‍ത്ത് രംഗത്തെത്തി.
പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിനോട് യോഗം നിര്‍ദ്ദേശം നല്‍കി. അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തി പാരിസ്ഥിതിക ആഘാത സമിതിയെ സമീപിക്കാന്‍ ഐഎംഎയോടും യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ-തദ്ദേശഭരണവകുപ്പ് മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും ഐഎംഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ വനംമന്ത്രിക്ക് വ്യത്യസ്തനിലപാടാണ്.
നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം വനംവകുപ്പിന്റേതല്ലെങ്കിലും കൂടുതല്‍ പഠനം വേണമെന്ന് കെ രാജു പറഞ്ഞു. സിപിഎം നേതാവും സ്ഥലം എംഎല്‍എയുമായി ഡികെ മുരളി സര്‍ക്കാര്‍ നിലപാട് തള്ളി ജനങ്ങള്‍ക്കൊപ്പമാണ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാശ്യപ്പെട്ട് ഡിഎഫ്ഒ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam