സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം; സത്യമിതാണ്

By Web TeamFirst Published Oct 31, 2018, 3:50 PM IST
Highlights

വ്യാജ ചിത്രത്തോടൊപ്പം കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്‍റെ സാങ്കല്‍പ്പിക വിവരണങ്ങള്‍ പോലും ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തിയെന്നും അമ്മയെ ഇതുവരെ കണ്ടെത്താനായില്ലെന്നുമായിരുന്നു ഫോട്ടോയ്ക്കൊപ്പം കുറിച്ചിരുന്നത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് രക്ഷിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന പിഞ്ചുകിഞ്ഞിന്‍റെ ഫോട്ടോ വ്യാജമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് ജൂലൈയില്‍ നടന്ന ഒരു ബോട്ട് അപകടത്തിന്‍റേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തില്‍നിന്ന് രക്ഷപ്പെടുത്തിയതെന്ന പേരില്‍ കുഞ്ഞിന്‍റെ ഫോട്ടോ പ്രചരിച്ചിരുന്നു. 

ഈ ചിത്രത്തോടൊപ്പം നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് 5000 ഓളം പേരാണ് ഷെയര്‍ ചെയ്തത്. വ്യാജ ചിത്രത്തോടൊപ്പം കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്‍റെ സാങ്കല്‍പ്പിക വിവരണങ്ങള്‍ പോലും ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തിയെന്നും അമ്മയെ ഇതുവരെ കണ്ടെത്താനായില്ലെന്നുമായിരുന്നു ഫോട്ടോയ്ക്കൊപ്പം കുറിച്ചിരുന്നത്. ഇന്തോനേഷ്യയിലെ സെലയര്‍ ദ്വീപില്‍ തകര്‍ന്ന ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞാണ് ഫോട്ടോയിലുള്ളത്. അന്ന് 34 പേരാണ് അപകടത്തില്‍ മരിച്ചത്. 150 പേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അപകടത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

സൂക്കര്‍ണോ ഹട്ടാ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 181 യാത്രക്കാരുമായാണ് കടലില്‍ പതിച്ചത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയും കടലിനടിയില്‍ 35 മീറ്റര്‍ താഴ്ചയിലാണ്  തിരച്ചില്‍ നടത്തിയത്. പ്രതികൂലകാലവസ്ഥയെ അതിജീവിച്ച് കഴിഞ്ഞ ദിവസം പൈലറ്റിന്‍റേതടക്കം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ ബ്രാന്‍റ് വിമാനമായിരുന്നു ഇത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

click me!