ന്യൂയോര്‍ക്കില്‍ വെടിവയ്‍പ്; പള്ളി ഇമാം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Aug 14, 2016, 2:55 AM IST
Highlights

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ പള്ളി ഇമാം ഉള്‍പ്പെടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം 1.50ന് അല്‍-ഫുര്‍ഖാന്‍ ജെയിം പള്ളി പരിസരത്താണ് വെടിവയ്‍പ്. ബംഗ്ലാദേശില്‍ നിന്നുള്ള ഇമാം മൗലാന അകോന്‍ജി(55, സഹായി താര ഉദ്ദീന്‍ (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്യൂന്‍സിലെ തെരുവിലൂടെ നടന്നുപോവുകയായിരുന്നവരാണ് വെടിയേറ്റ് മരിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു.

രണ്ട് പേരുടെയും തലയ്ക്കാണ് വെടിയേറ്റത്. കൊലയാളി പുറകിലൂടെ വന്ന് വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇമാം മൗലാന അകോന്‍ജി രണ്ട് വര്‍ഷം മുമ്പാണ് ബംഗ്ലാദേശില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയത്. ഇരുനിറത്തിലുള്ള ആളാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞു. ഓസോണ്‍ പാര്‍ക്കിന് സമീപത്തുകൂടി ഒരാള്‍ തോക്കുമായി പോകുന്നത് കണ്ടവരുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങി തിരിച്ചുപോകുമ്പോഴാണ് ഇമാമിന് വെടിയേറ്റതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഓസോണ്‍ പാര്‍ക്കില്‍ ധാരാളമായുള്ള ബംഗ്ലാദേശി സമൂഹമാണ് ഈ പള്ളിയില്‍ എത്താറുള്ളത്. കൊലപാതകത്തിന് കാരണം മതവിദ്വേഷമാണെന്നാണ് ഇമാമിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ കാരണമെന്തെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

തങ്ങളും സുരക്ഷിതരല്ലെന്നാണ് ഇവിടെ താമസിക്കുന്ന ബംഗ്ലാദേശി സമൂഹം പറയുന്നത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും നീതിക്കായി കാത്തിരിക്കുകയാണെന്നും ഇവിടെ താമസിക്കുന്ന ബംഗ്ലാദേശിയായ മിലാത് ഉദ്ദീന്‍ പറയുന്നു.

click me!