ജിദ്ദ ജയിലിലുള്ള മലയാളി യുവാവിന്റെ മോചനത്തിന് രണ്ടു കോടി വേണം

By Web DeskFirst Published Apr 7, 2017, 2:16 AM IST
Highlights

നഷ്ടപരിഹാരം നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ വാഹനാപകടക്കേസില്‍ പെട്ട് ജിദ്ദയില്‍ ജയിലില്‍ കഴിയുകയാണ് ഒരു മലയാളി യുവാവ്. 2 കോടി ഇന്ത്യന്‍ രൂപയാണ് നഷ്ടപരിഹാരമായി മുക്കം സ്വദേശി മുജീബുറഹ്മാന്‍ നല്‍കേണ്ടത്. സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഈ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നാട്ടിലുള്ള മുജീബിന്റെ കുടുംബം.

2016 ഫെബ്രുവരി ഒന്നിനാണ് ജിദ്ദയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് മുക്കം സ്വദേശി മുജീബുറഹ്മാന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. ജോലിക്കിടെ കാറ് ഒരു സൗദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആസ്റ്റിന്‍ മാര്‍ട്ടിന്‍ എന്ന ആഡംബര കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു നൂറു ശതമാനവും ഉത്തരവാദി മുജീബുറഹ്മാന്‍ ആണെന്നും ആഡംബര കാര്‍ റിപ്പയര്‍ ചെയ്യാനുള്ള 10,85,000 സൗദി റിയാല്‍ അതായത് രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ നല്‍കണം എന്നുമായിരുന്നു ട്രാഫിക് പോലീസിന്റെ റിപ്പോര്‍ട്ട്. മുജീബ് ഓടിച്ചിരുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ഈ തുക മുഴുവനും സ്വയം കണ്ടെത്തണം. കാര്‍ റിപ്പൈര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തുക അടയ്‌ക്കേണ്ടത്. അത്  വരെ മുജീബുറഹ്മാന്‍ തടവില്‍ കഴിയണം. ഭീമമായ നഷ്ടപരിഹാര തുക കണ്ടെത്താന്‍ വഴിയില്ലാതെ ഒരു വര്‍ഷത്തിലേറെയായി മുജീബുറഹ്മാന്‍ ജിദ്ദയ്ക്കടുത്ത് ദാബാനില്‍ ജയിലില്‍ കഴിയുകയാണ്.
 
ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിച്ചു നഷ്ടപരിഹാര തുക കുറയ്ക്കുക, പണം കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം തേടുക തുടങ്ങിയവയാണ് മുജീബുറഹ്മാന്റെ മുന്നിലുള്ള പോംവഴി. ഇതിനായി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയാണ് കുടുംബം. മാതാപിതാക്കളും, ഭാര്യയും മുജീബുറഹ്മാന്‍ ഇതുവരെ കാണാത്ത മകന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികളും, ജിദ്ദയിലുള്ള സഹോദരന്മാരും പ്രാര്‍ഥനയിലാണ്. മുജീബുറഹ്മാന്റെ ജയില്‍ മോചനത്തിനായി.

click me!