അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം

By Web DeskFirst Published Oct 4, 2016, 2:43 AM IST
Highlights

 കഴിഞ്ഞ രണ്ടു ദിവസത്തിൽ എട്ടാം തവണ വെടിനിര്‍ത്തൽകരാർ ലംഘിച്ച പാകിസ്ഥാൻ സേന നിയന്ത്രണ രേഖയിൽ ഇന്നു പുലർച്ചയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. രജൗരി ജില്ലയിലെ നൗഷാരയിലെ കൽസിയാനിൽ രണ്ടിടത്ത് പാക് സേന ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പഞ്ചാബിലെ തൊട്ടാഗുരുവിൽ രവി നദിയിൽ ഒരു പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ അതിർത്തി രക്ഷാ സേന കണ്ടെത്തി. 

നുഴഞ്ഞുകയറ്റത്തിന് ഉപയോഗിച്ച ബോട്ടാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള ഭീഷണി തുടരുകയാണ്. പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫ് മംഗ്ളയിൽ 1 കോര്‍പ്സ് കമാന്‍റന്‍റ് ആസ്ഥാനം സന്ദർശിച്ചു. 

യുദ്ധമുന്നണിയിൽ സാധാരണ നേതൃത്വം ഈ സൈനിക റെജിമെൻറിനാണ്. പാകിസ്ഥാൻ യുദ്ധത്തിന് ഒരുക്കമാണെന്ന സന്ദേശം നല്കാൻ റഹീൽ ഷരീഫിന്റെ സന്ദർശനത്തിന്റെ വിവരങ്ങൾ പാക്സേന പുറത്തു വിട്ടു. ജമ്മുകശ്മീർ സന്ദർശിക്കുന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കാർഗിൽ സന്ദർശിച്ചു. ഇതിനിടെ ഇതാദ്യമായി മിന്നലാക്രമണത്തിനു ശേഷം ഇന്ത്യാ പാകിസ്ഥാൻ ചർച്ചകൾ വീണ്ടും തുടങ്ങണം എന്ന ആവശ്യവുമായി പാകിസ്ഥാൻ രംഗത്തുവന്നു. 

പാകിസ്ഥാൻ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ചർച്ചയാവാമെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് പറഞ്ഞു. ജമ്മുകശ്മീർ തർക്കവിഷയം തന്നെയാണെന്നു ചർച്ചയിലൂടെയേ ഇത് പരിഹരിക്കാൻ കഴിയൂ എന്നും പാക് ഹൈക്കമ്മീഷണർ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ചല്ല ഭീകരവാദത്തെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. ഈ സാഹചര്യത്തിൽ പാക് ഹൈക്കമ്മീഷണറുടെ നിലപാട് ഇന്ത്യ തള്ളാനാണ് സാധ്യത.

click me!