റൊഹിങ്ക്യകളെ ഇന്ത്യയ്ക്ക് എളുപ്പം തിരിച്ചയക്കാനാവില്ല

By Web DeskFirst Published Sep 19, 2017, 10:57 AM IST
Highlights

ദില്ലി: റൊഹിങ്ക്യൻ അഭയാര്‍ത്ഥികൾക്കിടയിൽ തീവ്രവാദികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും അവരെ തിരിച്ചയക്കുക സര്‍ക്കാരിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ജീവന് ഭീഷണിയില്ലെങ്കിൽ മാത്രമെ അഭയാര്‍ത്ഥികളെ തിരിച്ചയക്കാൻ പാടുള്ളുവെന്ന അന്താരാഷ്ട്ര ചട്ടങ്ങൾ ഇന്ത്യക്ക് തടസമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

രാജീവ് ഗാന്ധി വധത്തിന് ശേഷം ശ്രീലങ്കൻ അഭയാര്‍ത്ഥികളെ ഇന്ത്യ നിര്‍ബന്ധിച്ച് തിരിച്ചയച്ചിരുന്നു. പക്ഷെ, സമാനമായ സാഹചര്യമല്ല, റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ കാര്യത്തിൽ ഇന്ത്യക്ക് നേരിടേണ്ടിവരിക. ഐക്യരാഷ്ട്രസഭയുടെ പീഡനത്തിനെതിരെയുള്ള കണ്‍വെൻഷനിൽ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അതുപ്രകാരം ജീവന് ഭീഷണിയോ, പീഡനസാധ്യതയോ ഉണ്ടെങ്കിൽ ഒരു രാജ്യവും അഭയാര്‍ത്ഥികളെ അത്തരം സാഹചര്യങ്ങളിലേക്ക് തിരിച്ചയക്കാൻ പാടില്ല. 

മാത്രമല്ല, റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ ബലംപ്രയോഗിച്ച് തിരിച്ചയക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചാൽ അന്താരാഷ്ട്ര തലത്തിൽ അത് ഇന്ത്യയുടെ പ്രതിഛായക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അംഗമാകാൻ ഇന്ത്യ ശ്രമിക്കുന്ന ഈ അവസരത്തിൽ ഇന്ത്യയിൽ അഭയാര്‍ത്ഥികളുടെ കാര്യത്തിൽ പ്രത്യേക നിയമം ഇല്ല എന്നതുകൊണ്ട് നിലവിലെ കേസിൽ സുപ്രീംകോടതിക്ക് ഇടപെടുന്നതിന് പരമിധിയുണ്ട്. 

എന്നാൽ ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന റൊഹിങ്ക്യൻ അഭായാര്‍ത്ഥികളുടെ ആവശ്യം കോടതിക്ക് തള്ളിക്കളയാനാകില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
 

click me!