രോഹിംഗ്യൻ മുസ്ലിം പ്രശ്നം; മ്യാൻമറിന് ഇന്ത്യയുടെ പിന്തുണ

By Web DeskFirst Published Sep 7, 2017, 12:08 AM IST
Highlights

ന്യൂഡല്‍ഹി: രോഹിംഗ്യൻ മുസ്ലിം പ്രശ്നത്തിൽ മ്യാൻമറിന് ഇന്ത്യയുടെ പിന്തുണ. മ്യാൻമർ സേനക്ക് നേരെ രോഹിംഗ്യകൾ  നടത്തുന്ന ആക്രമണം അപലപനീയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യ- മ്യാൻമര്‍ ഉഭയകക്ഷി ചര്‍ച്ചയിൽ ധാരണയായി.
 
മ്യാൻമര്‍ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രി ഓങ് സാൻ സൂചിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രോഹിംഗ്യൻ മുസ്ലിം പ്രശ്നത്തിൽ മ്യാൻമറിന് പിന്തുണ പ്രഖ്യാപിച്ചത്. രോഹിംഗ്യകൾ സൈന്യത്തിനു നേരെ നടത്തിയ ആക്രമണങ്ങളിലും കലാപത്തിലും നിരപരാധികളായ ജനങ്ങളാണ് കലാപത്തിൽ കൊല്ലപ്പെടുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു.

മ്യാൻമറിലെ സമാധാനത്തിന് കൂട്ടായ പരിശ്രമം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിച്ച ഇന്ത്യക്ക് ഓങ്സാൻ സൂചി നന്ദി പറഞ്ഞു.

സാസ്കാരിക-മാധ്യമ-വിവരസാങ്കേതിക മേഖലകളിലെ സഹകരണത്തിന് മ്യാൻമറും എട്ട് ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യൻ ജയിലിലുള്ള 40 മ്യാൻമര്‍ സ്വദേശികളെ ഇന്ത്യ മോചിപ്പിക്കും. മ്യാൻമറുകാര്‍ക്ക് സൗജന്യ വിസ അനുവദിക്കും. അതിനിടെ ഇന്ത്യയിലെ രോഹിംഗ്യൻ മുസ്ലിംങ്ങളെ തിരിച്ചയക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ കണക്കെടുപ്പ് തുടങ്ങി.

click me!