
ഫുട്ബാള്‍ ലോകം ഫ്രാന്‍സിന്റെ പട്ടാഭിഷേകം ആഘോഷിക്കുമ്പോള്‍ പഴയൊരു സ്‌കോര്‍ലൈന്‍ ഓര്‍മ്മവരുന്നു. ഫ്രാന്‍സ് 2, ഇന്ത്യ 1. കൃത്യം 70 വര്‍ഷം മുന്‍പത്തെ ഒരു ജൂലൈ 31 ന്റെ ത്രസിപ്പിക്കുന്ന ഓര്‍മ്മ.... ഷൂസ്റ്റ് ഫൊന്തെയിന്റെയും റെയ്മണ്‍ കോപയുടെയും മിഷേല്‍ പ്ലാറ്റിനിയുടെയും സിനദിന്‍ സിദാന്റെയും കൈലിയന്‍ എംബപ്പെയുടെയും മുന്‍ഗാമികളെ ജീവിതത്തിലൊരിക്കലും ബൂട്ടണിഞ്ഞു ശീലിച്ചിട്ടില്ലാത്ത ഇന്ത്യന്‍ കളിക്കാര്‍ നഖശിഖാന്തം വിറപ്പിച്ചുവിട്ട ദിവസം.
1948 ലണ്ടന്‍ ഒളിമ്പിക്‌സിലെ ആ വീറുറ്റ പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചത് പ്രബലരായ ഫ്രാന്‍സ്; ഇരുപത്തെട്ടാം മിനുട്ടില്‍ ലെഫ്റ്റ് ഇന്‍സൈഡ് റെനേ കോര്‍ബിനിലൂടെ. ഇടവേള കഴിഞ്ഞു മൈസൂര്‍ക്കാരന്‍ ശാരംഗപാണി രാമന്‍ ഇന്ത്യക്ക് വേണ്ടി ഗോള്‍ മടക്കുന്നു --മേവലാലിന്റെ ഒരു ഹൈ ക്രോസ് നെഞ്ചില്‍ ഏറ്റുവാങ്ങി, ഫ്രഞ്ച് പ്രതിരോധമൊരുക്കിയ പദ്മവ്യൂഹത്തിലേക്ക് ഒറ്റയ്ക്ക് നുഴഞ്ഞുകയറിക്കൊണ്ട്. കളി 89 മിനിറ്റ് പിന്നിടുമ്പോഴും മത്സരം 1 - 1 ന് സമനിലയില്‍...
ഇല്‍ഫോഡ് സ്റ്റേഡിയത്തിലെ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം അന്തംവിട്ടിരിക്കുകയായിരുന്നു; ബൂട്ടണിഞ്ഞ ഫ്രഞ്ച് പടയ്‌ക്കെതിരെ ബൂട്ടണിയാത്ത ഇന്ത്യയുടെ, പ്രത്യേകിച്ച് രാമന്റെ കിടിലന്‍ പ്രകടനം കണ്ട്. ഒടുവില്‍, അവസാനവിസിലിന് ഒരൊറ്റ നിമിഷം മാത്രം അകലെ വെച്ച് ആ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നു. റെനേ പെഴ്‌സിലന്‍ ബോക്‌സിനു തൊട്ടു പുറത്തുനിന്നു തൊടുത്ത വെടിയുണ്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വരദരാജിന്റെ ചൂണ്ടുവിരലില്‍ ഉരുമ്മി വലയിലേക്ക് . സ്‌കോര്‍ 2 - 1.
ഞെട്ടരുത്. മത്സരത്തില്‍ രണ്ടു പെനാല്‍ട്ടി കിക്കുകള്‍ പാഴാക്കിയിരുന്നു ആദ്യത്തെ ഭഭഔദ്യോഗിക'' അന്താരാഷ്ട്ര മത്സരം കളിക്കുകയായിരുന്ന ഇന്ത്യ. രണ്ടും നിരന്തര ആക്രമണത്തിലൂടെ രാമന്‍ നേടിയെടുത്ത കിക്കുകള്‍. പക്ഷേ ശൈലന്‍ മന്നയും മഹാബീര്‍ പ്രസാദും പന്തടിച്ചു പറത്തിയത് പുറത്തേക്ക്. സ്‌പോട്ട് കിക്കുകള്‍ അടിച്ചു പരിശീലിച്ചിട്ടില്ല അതുവരെ ഇന്ത്യന്‍ കളിക്കാര്‍.
തോറ്റു പുറത്തായെങ്കിലും, ബ്രിട്ടനിലെ ജോര്‍ജ്ജ് ആറാമന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ എണ്ണമറ്റ ആരാധകരെ നേടിയെടുത്തിരുന്നു ഡോ. ടാലിമറോണ്‍ ആവോ എന്ന ജനറല്‍ ഫിസിഷ്യന്‍ നയിച്ച നഗ്‌നപാദ ഇന്ത്യന്‍ ടീം. തിരിച്ചുപോരും വഴി സൗഹൃദമത്സരങ്ങളില്‍ പ്രബലരായ അയാക്‌സ് ആംസ്റ്റര്‍ഡാമിനെയും (51), വെസ്റ്റ് അമച്വര്‍ ക്ലബ്ബിനെയും (40) തകര്‍ത്തു അവര്‍. മേവലാലിന്റെ ഇരട്ട ഹാട്രിക്കോടെ ബെന്റാല്‍സ് ക്ലബ്ബിനെതിരെ നേടിയ 15-0 വിജയം ഇന്നോര്‍ക്കുമ്പോള്‍ അവിശ്വസനീയം.
ആദ്യത്തെ ഇന്ത്യന്‍ ഒളിമ്പിക് ടീമിലെ ചരിത്രപുരുഷന്മാരില്‍ പലരെയും നേരിട്ട് കണ്ട് സംസാരിക്കാനും അവരെ കുറിച്ചെഴുതാനും കഴിഞ്ഞത് കളിയെഴുത്തുജീവിതത്തിലെ അപൂര്‍വ സൗഭാഗ്യങ്ങളില്‍ ഒന്ന്: രാമന്‍, മേവലാല്‍, അഹമ്മദ് ഖാന്‍, മന്ന, അനില്‍ നന്ദി, പരാബ്, സഞ്ജീവ ഉച്ചില്‍, വജ്രവേലു, ധന്‍രാജ്....പലരും തീരാ ദുരിതങ്ങളുമായി പടവെട്ടി ജീവിതത്തിന്റെ കളിക്കളത്തില്‍ തപ്പിത്തടഞ്ഞു വീണവര്‍. കൃഷിക്കാരും സാദാ പോലീസുകാരും പട്ടാളക്കാരും തൊട്ട് പോര്‍ട്ടര്‍മാര്‍ വരെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരെയൊക്കെ ആരോര്‍ക്കുന്നു ഇന്ന്?
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫ്രാന്‍സിനെ നേരിട്ട ഇന്ത്യന്‍ ടീം ഇതാ: കെ വരദരാജ് (ഗോളി), താജ് മുഹമ്മദ്, ശൈലേന്ദ്ര മന്ന, ബഷീര്‍, ടി ആവോ (ക്യാപ്റ്റന്‍), മഹാബീര്‍ പ്രസാദ്, റോബിദാസ്, പരാബ്, മേവലാല്‍, അഹമ്മദ് ഖാന്‍, രാമന്‍. പകരക്കാര്‍: അനില്‍ നന്ദി, വജ്രവേലു, ധന്‍രാജ്, തിരുവല്ല പാപ്പന്‍, എസ് നന്ദി, കൈസര്‍, സഞ്ജീവ ഉച്ചില്‍. കോച്ച്: ബൊലായ് ദാസ് ചാറ്റര്‍ജി.
പോസ്റ്റിന്‍റെ പൂര്‍ണരൂപം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam