
ലണ്ടന്‍: മസ്തിഷ്ക അർബുദം ആണെന്ന് കള്ളം പറഞ്ഞ് 22 കോടിയിലധികം രൂപ തട്ടിയെടുത്ത ഇന്ത്യൻ വംശജയ്ക്ക് നാല് വർഷം തടവ്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച് ജാസ്മിന്‍ മിസ്ട്രി (36) എന്ന യുവതിയാണ് പണം തട്ടിയെടുത്തത്. ലണ്ടനിലെ സ്നേർസ് ബ്രൂക്ക് ക്രൗൺ കോടതിയാണ് വെള്ളിയാഴ്ച തടവ് ശിക്ഷ വിധിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം. തനിക്ക് അർബുദമാണെന്ന് ജാസ്മിന്‍ മിസ്ട്രി ഭര്‍ത്താവ് വിജയ് കറ്റേച്ചിയയെയാണ് ആദ്യമായി അറിയിക്കുന്നത്. ഇത് തെളിയിക്കുന്നതിനായി ഡോക്ടര്‍ അയച്ച വാട്സാപ്പ് സന്ദേശവും ജാസ്മിന്‍ ഭര്‍ത്താവിനെ കാണിച്ചു. എന്നാല്‍ ഈ മെസേജ് മറ്റൊരു സിം ഉപയോഗിച്ച് ജാസ്മിന്‍ തന്നെ അയച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
2014 അവസാനത്തില്‍ താന്‍ മസ്തിഷ്ക അർബുദ രോഗിയാണെന്നും തനിക്ക് ആറ് മാസം മാത്രമെ ആയുസുള്ളുവെന്നും മുന്‍ ഭര്‍ത്താവിനെയും ജാസ്മിന്‍ അറിയിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകണമെന്ന് ഡോക്ടര്‍ നിർദേശിച്ചതായും ജാസ്മിന്‍ മുന്‍ഭര്‍ത്താവിനോട് പറഞ്ഞു. ഇത് തെളിയിക്കുന്നതിനുവേണ്ടി മുമ്പ് ചെയ്തതുപോലെ വ്യാജ സന്ദേശങ്ങൾ ജാസ്മിന്‍ മുന്‍ഭര്‍ത്താവിനെയും കാണിച്ച ശേഷം ചികിത്സയ്ക്ക് ഏകദേശം 45 കോടി രൂപ വേണമെന്നും പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.
2015 മുതല്‍ 2017 വരെ ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ ചികിത്സയ്ക്കായുള്ള പണം ശേഖരിച്ച് ജാസ്മിന് നല്‍കി. എന്നാൽ ജാസ്മിന്‍ തന്റേതെന്ന പേരില്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ച തലച്ചോർ സ്കാൻ ചെയ്ത ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഡോക്ടറായ സുഹൃത്ത് കണ്ടതോടെയാണ് കള്ളിവെളിച്ചത്താകുന്നത്. ജാസ്മിൻ നൽകിയ സ്‌കാനിങ് ചിത്രങ്ങൾ ഗൂഗിളില്‍ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം കണ്ടെത്തി. ഇതിന് പിന്നാലെ ആളുകളെ കബളിപ്പിക്കുന്നതിനായി വ്യാജ സന്ദേശങ്ങളയച്ച സിം കാർഡ് ഭർത്താവ് വിജയ് കറ്റേച്ചിയയും കണ്ടെത്തി.
തുടർന്ന് 2017ൽ ജാസ്മിനിനെ പൊലീസ് എല്ലാ തെളിവുകളോടും കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് രോഗമില്ലെന്നും, രോഗമുണ്ടെന്ന് കള്ളം പറഞ്ഞതാണെന്നും ചോദ്യം ചെയ്യലിൽ ജാസ്മിൻ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 20 ബന്ധുക്കളുൾപ്പടെ 28 പേരാണ് ജാസ്മിന് പണം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam