
ദില്ലി: റെയില്‍വേയുടെ അതിവേഗ പാസഞ്ചര്‍ ട്രെയിനുകളായ ശതാബ്‍ദി എക്സ്‍പ്രസുകള്‍ യാത്ര അവസാനിപ്പിക്കുന്നു. പകരം അത്യാധുനിക സംവിധാനങ്ങളോടെ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച 'ട്രെയിന്‍ -18' ഉടന്‍ ട്രാക്കിലിറങ്ങും.
നിലവില്‍ വലിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകളാണ് ശതാബ്‍ദി എക്സ്പ്രസ്. രാജധാനി കഴിഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പ്രീമിയം ട്രെയിനായി അറിയപ്പെടുന്നതും ശതാബ്ദി തന്നെ. എന്നാല്‍ ജൂണോടുകൂടി ശതാബ്ദി എക്സ്പ്രസുകള്‍ പിന്‍വലിക്കും. പകരം മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായുന്ന 'ട്രെയിന്‍-18' വരും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇവയ്ക്ക് 2018ല്‍ ആദ്യമായി നിര്‍മ്മിച്ചതായത് കൊണ്ടാണ് ട്രെയിന്‍ -18 എന്ന് പേര് നല്‍കിയത്. ഇത്തരത്തിലൊരു ട്രെയിന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ പകുതി പണം മാത്രം ചിലവഴിച്ചാണ് ഇത് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടൂീവ് കാറ്റഗറികളിലുള്ള 16 ചെയര്‍കാര്‍ കോച്ചുകളാണ് ഇതിലുണ്ടാവുക.
എക്സിക്യൂട്ടീവ് ചെയര്‍കാര്‍ കോച്ചില്‍ 56 പേര്‍ക്കും നോണ്‍ എക്സിക്യൂട്ടീവില്‍ 78 പേര്‍ക്കും യാത്ര ചെയ്യാം. വൈഫൈ കണക്ടിവിറ്റിയും ജി.പി.എസ് അധിഷ്ഠിതമായി യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാത്ത ബയോ വാക്വം ടോയ്‍ലറ്റുകളും ഉണ്ടാകും. നിലവില്‍ കേരളത്തിലൂടെ ശതാബ്ദി ട്രെയിനുകള്‍ സര്‍വ്വീസ് നടത്താത്തിനാല്‍ മലയാളികള്‍ക്ക് 'ട്രെയിന്‍ - 18' കാണണമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam