
ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും കൂടുതല്‍ സിസിടിവി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ലോകത്തിലെ രണ്ടാമത്തെ വലിയ യാത്രാ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ സമയക്രമം പാലിക്കുന്നതിലോ സുരക്ഷയുടെയോ കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാനം താഴെക്കിടയിലാണ്. ഈ പേര് ദേഷം നീരീക്ഷണ ക്യാമറകളിലൂടെ മറികടക്കാമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. 11,000 ട്രെയിനുകളിലും 8500 റെയില്‍വെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണ് റെില്‍വേ തയ്യാറെടുക്കുന്നത്. ഇതിനായി കേന്ദ്ര ബഡ്ജറ്റില്‍ 3000 കോടി രൂപ നീക്കി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ വീതമാണ് സ്ഥാപിക്കുക. വാതിലുകളും ഇടനാഴിയും അടക്കം നിരീക്ഷത്തിലാകും. 395 സ്റ്റേഷനിലും 50 ട്രെയിനിലും മാത്രമാണ് ഇപ്പോള്‍ സിസിടിവി നിരീക്ഷണമുള്ളത്. ഇത് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ വൈകിയോടുന്ന ട്രെയിനുകളുടെ സമയക്രമം കൃത്യമാക്കാതെ കോടികള്‍ ചെലവിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കം അഴിമതിക്ക് കാരണമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam