ജവാന്മാരുടെ തലയറുത്തതിന് മറുപടി പ്രതീക്ഷിച്ചുകൊള്ളാന്‍ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

By Web DeskFirst Published May 2, 2017, 11:08 AM IST
Highlights

ശ്രീനഗര്‍: രണ്ട് ജവാന്‍മാരെ വധിച്ച ശേഷം മൃതദ്ദേഹത്തില്‍ നിന്ന് തലയറുത്ത് മാറ്റിയ നടപടിക്ക് നല്ല മറുപടി പ്രതീക്ഷിച്ചു കൊള്ളൂ എന്ന്  ഇന്ത്യന്‍ കസേന പാകിസ്ഥാന്‍ സേനയ്‌ക്ക് മുന്നറിയിപ്പ് നല്കി. പാക് നടപടിയില്‍ ജനരോഷം ശക്തമാകവേ പ്രതികരണം ആലോചിക്കാന്‍ ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചന തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തില്‍ സ്ഥിരം മന്ത്രിയില്ലാത്തതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു.
 
പൂഞ്ച് ജില്ലയില്‍ പാക് സേന രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ വധിച്ച ശേഷം തലയറുത്ത് മാറ്റുകയും മൃതദ്ദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ജനരോഷം ശക്തമാകുമ്പോള്‍ മറുപടി എങ്ങനെ വേണം എന്ന ആലോചന ദില്ലിയില്‍ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതലയുള്ള അരുണ്‍ ജെയ്‍റ്റ്‍ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതി വിലയിരുത്തി. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്‍മീരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കണ്ടു. ജമ്മുകശ്‍മീര്‍ ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ കരസേനയുടെ സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റ്നന്റ് ജനറല്‍ എ.കെ ഭട്ട് പാക് സൈനിക ഓപ്പറേഷന്‍സ് മേധാവിയെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചു. ഈ ഭീരുത്വ നടപടിക്ക് വ്യക്തമായ പ്രതികരണത്തിന് ഒരുങ്ങിയിരിക്കാനുള്ള മുന്നറിയിപ്പും കരസേന പാക് സൈന്യത്തിന് നല്കി. 

അതേസമയം പാക് കരസേന ഇത്തരമൊരു സംഭവത്തില്‍ പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സൈന്യവുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നാണ് സൂചന. സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് മുഴുവന്‍സമയ പ്രതിരോധ മന്ത്രി ഇല്ലാത്തതെന്തെന്ന് വിമര്‍ശിച്ചു. ജമ്മുകശ്‍മീരിലെ അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ക്രമസമാധാന നിലയില്‍ പുരോഗതി ഇല്ലാത്തതുകൊണ്ടാണ് ഈ മാസം അവസാനം നടക്കേണ്ട വോട്ടെടുപ്പ് മാറ്റിവെച്ചത്.

click me!