നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

By Web DeskFirst Published Aug 16, 2017, 7:09 PM IST
Highlights

ബെംഗളൂരു:  കേന്ദ്രസർക്കാരിന്‍റെ ജമ്മു കശ്മീർ നയത്തിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വെറുപ്പിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് പാകിസ്താന് കടന്നകയറാനുളള അവസരം നരേന്ദ്രമോദി ഒരുക്കിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. അധികമൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മോദി സ്വാതന്ത്ര്യദിനപ്രസംഗം ചുരുക്കിയതെന്ന് വിമർശിച്ച രാഹുലിന് ബെംഗളൂരുവിൽ ഇന്ദിരാ കാന്‍റീൻ ഉദ്ഘാടനപ്രസംഗത്തിൽ നാക്കുപിഴച്ചതും വിവാദമായി.

സ്വാതന്ത്ര്യദിനപ്രസംഗത്തിൽ  പ്രധാനമന്ത്രി പരാമർശിച്ച വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കിയായിരുന്നു ബെംഗളൂരുവിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം.കശ്മീർ വിഷയത്തിൽ മോദിയുടെ നയങ്ങൾ ഗുണം ചെയ്തത് പാകിസ്താന് മാത്രമാണെന്ന് രാഹുൽ പറഞ്ഞു. കശ്മീരിൽ പത്തുവർഷം കഷ്ടപ്പെട്ട് കോൺഗ്രസ് സർക്കാർ സ്ഥാപിച്ച സമാധാനം ബിജെപി ഒരു മാസം കൊണ്ട് ഇല്ലാതാക്കി. സമാധാനമുളള കശ്മീരിൽ പാകിസ്താന്  ഒന്നുചെയ്യാൻ കഴിയില്ല.

ചൈനീസ് പ്രസിഡന്‍റിനെ ദില്ലിയിൽ നരേന്ദ്രമോദി ആലിംഗനം ചെയ്യുമ്പോഴെല്ലാം ആയിരക്കണക്കിന് ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഒപ്പം പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗം വെട്ടിക്കുറച്ചത് അധികമൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണെന്ന പരിഹാസവും.

കർണാടക സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ ഇന്ദിരാ കാന്‍റീനുകളുടെ ഉദ്ഘാടനത്തിനാണ് രാഹുൽ എത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച കോൺഗ്രസ് ഉപാധ്യക്ഷന് തന്‍റെ പ്രസംഗത്തിൽ നാക്കുപിഴച്ചു. ബെംഗളൂരുവിനെ സംസ്ഥാനമാക്കിയ രാഹുൽ ഇന്ദിര കാന്‍റീനിനെ അമ്മ കാന്‍റീനുമാക്കി

തമിഴ്നാട്ടിലെ അമ്മ ക്യാന്‍റീൻ മാതൃകയിൽ ബെംഗളൂരുവിലെ എല്ലാ വാർഡുകളിലുമാണ് സംസ്ഥാന സർക്കാർ ഇന്ദിരാ കാന്‍റീൻ തുടങ്ങിയത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയ കാന്‍റീനിൽ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം രാഹുൽ അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണവും കഴിച്ചു.
 

click me!