സ്വർണക്കടത്തു തടയാൻ സഹായിക്കുന്നവർക്ക് ഇനി കൈ നിറയെ പാരിതോഷികം

By Web DeskFirst Published Apr 5, 2018, 2:03 PM IST
Highlights

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സ്വർണ്ണ ഇറക്കുമതിയിൽ നിന്ന് മാത്രം കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 1.78 കോടി ആണ് ഡിപ്പാർട്മെന്റിന് ലഭിച്ചത്.

കൊച്ചി: സ്വര്‍ണക്കടത്തു  നിയന്ത്രിക്കാൻ കൂടുതൽ സമ്മാനത്തുക പ്രഖ്യാപിച്ച് കസ്റ്റംസ്. കള്ളക്കടത്തിനെപ്പറ്റി വിവരം നൽകുന്നവർക്ക് ഇനി മുതൽ പിടിക്കുന്ന സ്വർണ്ണത്തിന്റെ വിപണി വിലയുടെ 30 ശതമാനം സമ്മാനത്തുകയായി നൽകും.ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്താണ് കസ്റ്റംസിനു തലവേദനയാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 254  കേസുകൾ കൊച്ചി കസ്റ്റംസ് അധികൃതർ രജിസ്റ്റർ ചെയ്തു. 26 കോടി വിലമതിക്കുന്ന 87 കിലോ സ്വർണ്ണം കൂടാതെ വിദേശ കറൻസിയും മറ്റു വില കൂടിയ വസ്തുക്കളും കള്ളക്കടത്തുകാരിൽ നിന്നും പിടിച്ചെടുത്തു.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സ്വർണ്ണ ഇറക്കുമതിയിൽ നിന്ന് മാത്രം കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 1.78 കോടി ആണ് ഡിപ്പാർട്മെന്റിന് ലഭിച്ചത്. കൂടാതെ ഫൈൻ ആയി 13.8 കോടിയും സ്വർണ്ണം ഒഴികെയുള്ള വസ്തുക്കളുടെ ഡ്യൂട്ടി ആയി 11.81 കോടിയും ലഭിച്ചു.

സ്വർണക്കടത്തു പിടിക്കലാണ് ഏറെ ശ്രമകരമെന്നാണ് കസ്റ്റംസിന്റെ പക്ഷം. സ്വർണ്ണം കടത്തുന്നതിനായി ഒരോ തവണയും പുതിയ സംവിധാനങ്ങളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത്. ഗുളിക രൂപത്തിലാക്കി വിഴുങ്ങുന്നതു മുതൽ ഈന്തപ്പഴത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലും വരെ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തുന്നത്‌. സൂക്ഷ്മ നിരീക്ഷണത്തിലൂടെയും യാത്രക്കാരുടെ പെരുമാറ്റ വൈകല്യങ്ങൾ മനസിലാക്കുന്നതിലൂടെയും മാത്രമേ ഇത്തരക്കാരെ തിരിച്ചറിയാൻ സാധിക്കുകയുള്ളു എന്നാണ് കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാർ പറയുന്നത്.

ടൂത്ത്പേസ്റ്റിന്റെ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിയെ ആണ് ഏറ്റവും ഒടുവിൽ  പിടികൂടിയത്. 26.3 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വർണ്ണം കെമിക്കലുകൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനായി സ്വർണ്ണം ബെൽറ്റിന്റെ രൂപത്തിലുള്ള പാക്കറ്റുകളിലാക്കി അരക്കു ചുറ്റും ആണ് ധരിച്ചിരുന്നത്. ഇത്തരത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണ്ണം കണ്ടുപിടിക്കുക എന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.

click me!