ധൂം സിനിമ പ്രചോദനമായി; ഋത്വിക് റോഷനെ അനുകരിച്ച് മ്യൂസിയത്തില്‍ നിന്ന് 2 കോടിയുടെ ഷാള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

By Web DeskFirst Published Nov 24, 2017, 3:36 PM IST
Highlights

ദില്ലി: ബോളിവുഡ് സിനിമ ധൂം 2 അനുകരിച്ച് മോഷണത്തിനിറങ്ങിയ യുവാക്കള്‍ പൊലീസ് പിടിയില്‍. ഡല്‍ഹി ദേശീയ ഹാന്‍ഡിക്രാഫ്ട് ആന്റ് ഹാന്‍ഡ്ലൂം മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വില വരുന്ന 16 പഷ്മിന ഷാളുകള്‍ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. ഗവേഷണത്തിനെന്ന വ്യാജേന മ്യൂസിയത്തില്‍ കടന്നുകൂടിയ വിനയ് പാര്‍മര്‍ ആണ് മോഷണത്തിന് പദ്ധതിയിട്ടത്. ഇയാളെയും ബന്ധുവായ തരുണ്‍ ഹര്‍വോദിയയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

ഒക്ടോബര്‍ 29നായിരുന്നു മോഷണം. ഗവേഷണ വിദ്യാര്‍ത്ഥികളെന്ന പേരില്‍ മ്യൂസിയത്തിലും പരിസരങ്ങളിലും യുവാക്കള്‍ ചുറ്റിത്തിരിഞ്ഞതിന് ശേഷമാണ് മോഷണം നടത്തിയത്. മ്യൂസിയത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് മോഷ്ടാക്കള്‍ക്ക് ഗുണകരമായി. മോഷണശേഷം നടന്ന അന്വേഷണത്തിനിടെ ഗവേഷണ വിദ്യാര്‍ഥികളായി ഇവര്‍ ചുറ്റിത്തിരിഞ്ഞതില്‍ സംശയമുണ്ടെന്ന സെക്യൂരിറ്റി ഓഫീസറുടെ മൊഴിയാണ് പൊലീസിനെ ഇവരിലേക്കെത്തിച്ചത്. ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച പോലീസിന് പര്‍മാറും ഹര്‍വാദിയയും കൊല്‍ക്കത്തയിലുണ്ടെന്ന് മനസ്സിലായി. 

നവംബര്‍ 13ന് കൊല്‍ക്കൊത്തയില്‍ നിന്ന് പിടിയിലായ ഇവരില്‍ നിന്ന് 15 ഷാളുകള്‍ കണ്ടെടുത്തു. ഒരു ഷാള്‍ വാങ്ങിയ പുരാവസ്തു കച്ചവടക്കാരന്‍ മുഹമ്മദ് അദില്‍ ഷെയ്ഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ഒരു ഷാള്‍ കണ്ടെടുക്കുകയും ചെയ്തു. ഒക്ടോബര്‍ 29,30 ദിവസങ്ങളില്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. 31-ാം തീയതി മ്യൂസിയം തുറന്നപ്പോഴാണ് ഷാളുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. കശ്മീരില്‍ നിന്ന് കൊണ്ടുവന്ന 200-250 വര്‍ഷം വരെ പഴക്കമുള്ള ഷാളുകള്‍ക്ക് രണ്ട് കോടി രൂപയിലധികം വിലമതിക്കുന്നതാണ്.

1959നും 1967നും മധ്യേ കശ്മീരില്‍ നിന്ന് 24,829 രൂപ നല്‍കി വാങ്ങിയ ഷാളുകളാണ് മോഷ്ടിക്കപ്പെട്ടത്. വര്‍ഷങ്ങളായി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു. ആഢംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ്  ഇത്തരമൊരു നീക്കം നടത്തിയതെന്നും ധൂം 2 സിനിമയില്‍ ഋത്വിക് റോഷന്‍ ചെയ്ത കഥാപാത്രം പ്രചോദനം നല്‍കിയതെന്നും ഡിസിപി ബി.കെ സിംഗ് പറഞ്ഞു. 


 

click me!