
ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട കോതമംഗലം സ്വദേശിനിയെ തിരുവനന്തപുരത്ത് ടാക്‌സി ഡ്രൈവറായ ഈഴവ സമുദായത്തില്‍പ്പെട്ട യുവാവ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരാമര്‍ശം. തങ്ങള്‍ വിവാഹിതരായെന്ന് കാട്ടി യുവാവും യുവതിയും എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് ജസ്റ്റിസുമാരായ സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ഇത്തരം വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമപരമായ പിന്‍ബലമില്ല. എന്തടിസ്ഥനത്തില്‍ ആരാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഈഴവ സമുദായാംഗമായ പുരുഷന്‍ ക്രിസ്ത്യന്‍ മതവിഭാത്തില്‍പ്പെട്ട യുവതിയെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്താലൂ നിയമപരമാകൂ എന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. രണ്ടുപേര്‍ തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹ ചുമതല വഹിച്ച മതസംഘടന നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്നതാണ് പൊതുവ്യവസ്ഥ. എന്നാല്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹിതരാവുമ്പോള്‍ വധുവോ വരനോ അംഗമായ മത സാമൂഹിക സംഘടന നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിവാഹം നടന്നെന്നുറപ്പിക്കാന്‍ മതിയാകില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
മതസംഘടനകള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യക്തമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam