സ്വന്തം ക്യാമ്പസിനെ സാക്ഷിയാക്കി സഫ്നയ്ക്കും അമര്‍നാഥിനും മാംഗല്യം

By web deskFirst Published Dec 3, 2017, 4:33 PM IST
Highlights

കൊച്ചി: കോളേജ് ക്യാമ്പസില്‍ പ്രണയമുണ്ടാകാറുണ്ട്, വിരഹവും രാഷ്ട്രീയവും ചോരചിന്തുന്ന സമരങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ കൊച്ചിയിലെ മഹാരാജാസ് കോളേജ് ഇത്തവണ വാര്‍ത്തയാകുന്നത് രണ്ടുപേരുടെ പ്രണയ സാക്ഷാത്കാരത്തിന് സാക്ഷിയായിക്കൊണ്ടാണ്. മിശ്രവിവാഹം എന്നാല്‍ മതംമാറിയുള്ള കല്യാണമാണോ എന്ന ചോദ്യം സമൂഹം ഏറ്റെടുക്കുമ്പോഴാണ് ഫോര്‍ട്ട് കൊച്ചിക്കാരി സഫ്നയുടെ കഴുത്തില്‍ ചോറ്റാനിക്കരയിലെ അമര്‍നാഥ് താലികെട്ടിയത്, അതും മഹാരാജാസിലെ കോളേജ് ക്യാമ്പസില്‍ വച്ച്.  

വീട്ടുകാരുടെയും കൂട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ കോളേജ് അധികൃതരുടെ അനുവാദത്തോടെ ശനിയാഴ്ചയാണ് അവര്‍ മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വച്ച് പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയത്. കൊട്ടും കുരവയുമല്ല, കൂട്ടുകാരുടെ ഉറച്ച സ്വരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അവര്‍ക്ക് അകമ്പടി. രാവിലെ 8.30ന് മലയാളം ഡിപ്പാര്‍ട്ട്മെന്‍റിന് മുമ്പില്‍ വച്ചായിരുന്നു വിവാഹം. 

ഒരു താലികെട്ട് ചടങ്ങ് വേണം എന്ന സഫ്നയുടെ ആഗ്രഹം കൊണ്ട് മാത്രമാണ് വിവാഹം ചടങ്ങായി നടത്തിയതെന്നാണ് അമര്‍നാഥ് പറയുന്നത്. അതിന് വേദിയാകാന്‍ തങ്ങള്‍ ഒരുമിച്ച് നടന്ന, പ്രണയിച്ച, പരിഭവിച്ച ക്യാമ്പസ് അല്ലാതെ മറ്റൊരു സ്ഥലം അവര്‍ക്ക് തെരഞ്ഞെടുക്കാനുണ്ടായിരുന്നില്ല. ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിച്ചപ്പോഴേ അതിന് സാക്ഷിയാകേണ്ടത് തങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് തന്നെയാകണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം കോളേജില്‍ ചെറിയ സല്‍ക്കാരവും നടത്തി.  2012 ല്‍ കോളേജ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു അമര്‍നാഥ്. ഇപ്പോള്‍ ബംഗളുരുവില്‍ വീഡിയോ എഡിറ്ററാണ്. 

click me!