ബ്രസീലും സ്പെയിനും പ്രതിഭകള്‍ ഏറെയുള്ള ടീമുകള്‍: ടോണി ക്രൂസ്

By Web deskFirst Published Jun 6, 2018, 6:09 PM IST
Highlights
  • ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും താരങ്ങള്‍ വിസ്മയ പ്രകടനം നടത്താന്‍ സാധിക്കുന്നവര്‍
  • ലോകകപ്പ് നിലനിര്‍ത്തുകയെന്നത് കടുപ്പമേറിയ കാര്യം

2014 ആവര്‍ത്തിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ക്രൂസിന്‍റെ പ്രതീക്ഷകള്‍?

കേള്‍ക്കാന്‍ സുഖമുണ്ട്, പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ദുഷ്കരമായ പണിയാണ്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ രണ്ടു ടീമുകള്‍ക്ക് മാത്രമാണ് ലോകകപ്പ് നിലനിര്‍ത്താന്‍ സാധിച്ചിട്ടുള്ളത്. എത്രത്തോളം പ്രയാസകമായ കാര്യത്തിലേക്കാണ് പന്തു തട്ടുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ഞങ്ങളുടെ കളി മെച്ചപ്പെടുത്തി 2014ലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മാത്രമേ ഇത്തവണ ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കൂ.

ഏതു മേഖലകളിലാണ് ജര്‍മനി മെച്ചപ്പെടാനുള്ളത് ?

മെച്ചപ്പെടുക എന്നുള്ളത് എപ്പോഴും ചെയ്യാനാകുന്ന കാര്യമാണ്. പ്രതിരോധത്തില്‍, മുന്നേറ്റത്തില്‍, പന്ത് പിടിച്ചു വെയ്ക്കുന്നതിലെയും നിയന്ത്രിച്ചു കളിക്കുന്നതിലെയും രീതികളിലെല്ലാം മെച്ചപ്പെടാം. അതിന് പരിധികളില്ല. സാഹചര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഞങ്ങളുടെ ടീമിലും മറ്റും ടീമിലുമെല്ലാം അവസ്ഥകള്‍ക്ക് മാറ്റമുണ്ട്. ചില നല്ല ടീമുകളുമായി കളിച്ചപ്പോള്‍ ഞങ്ങളായിരുന്നില്ല കളിയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചിരുന്നത്. അത് സാഹചര്യങ്ങളെപ്പറ്റിയുള്ള ധാരണ നല്‍കി. നാലു വര്‍ഷത്തിനിടെ മറ്റു ടീമുകള്‍ ഒരുപാട് മുന്നേറി.

മിനെയ്റോയിലെ വിജയവും സൗഹൃദ മത്സരത്തിലെ ബ്രസീലിനോടുള്ള തോല്‍വിയും. എന്താണ് പറയാനുള്ളത്?

നാലു വര്‍ഷത്തിനിടെ ബ്രസീല്‍ ടീം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. റയല്‍ മാഡ്രിഡിലെ സഹതാരം കസെമെയ്റോ അടക്കമുള്ള ചില മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. 2014ലെ ടീമിനേക്കാള്‍ ശക്തിയുള്ള സംഘമാണ് 2018ലെ ബ്രസീല്‍ ടീം. അത് പോലെ മികച്ച മുന്നേറ്റം നടത്തിയിട്ടുള്ള മറ്റു ചില ടീമുകള്‍ കൂടെയുണ്ട്. അത് മനസിലാക്കി തയാറെടുപ്പ് നടത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ടൂര്‍ണമെന്‍റില്‍ ഞങ്ങള്‍ ഫേവറിറ്റുകളാണെന്ന് നിസംശയം പറയാന്‍ സാധിക്കും. പക്ഷേ, തടുക്കാന്‍ കഴിയാത്ത സംഘമൊന്നുമല്ല.

കിരീട സാധ്യതകളെ കുറിച്ച്?

ഏറ്റവും പ്രതിഭയുള്ള കളിക്കാരുടെ സംഘം ബ്രസീലും സ്പെയിനുമാണ്. റയല്‍ മാഡ്രിഡില്‍ കളിക്കുന്നതിനാല്‍ സ്പാനിഷ് ടീമിലെ താരങ്ങളെ എനിക്ക് അടുത്തറിയാം. മാര്‍ക്കോ അസന്‍സിയോടെ വീക്ഷണം അത്ഭുതപ്പെടുത്തുമ്പോള്‍ ലൂക്കാസ് വാസ്ക്വസിന്‍റെ സാന്നിധ്യം സ്പെയിനെ ശക്തരാക്കുന്നു. സെര്‍ജിയോ റാമോസിനെ പോലെ ഒരു ക്യാപ്റ്റനും ആന്ദ്രേ ഇനിയേസ്റ്റയെ പോലെ ഒരു വെെസ് ക്യാപ്റ്റനും അനുഭവ പരിചയത്തിന്‍റെ കാര്യത്തിലും അവരെ സമ്പന്നരാക്കുന്നു. മാഴ്സലോയും കസെയ്മറോയെയും പോലെയുള്ള റയല്‍ താരങ്ങളും മറ്റു ശക്തരായ ടീമുകളില്‍ കളിക്കുന്നവരും ബ്രസീലിനെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പ്രാപ്തരാക്കുന്നു.

മറ്റേതെങ്കിലും ടീം?

ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇംഗ്ലണ്ട്, അര്‍ജന്‍റീന. ലോകകപ്പില്‍ പാരമ്പര്യമുള്ള വലിയ ടീമുകള്‍ മികവ് പ്രകടിപ്പിക്കാനായി ശ്രമിക്കാറുണ്ട്. റഷ്യയില്‍ ഇറ്റലി ഇല്ലാത്തത് ദുഖിപ്പിക്കുന്ന കാര്യമാണ്. ലോകകപ്പും ഇറ്റലിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അസൂറി ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുന്നതാണ് ഇറ്റലിയുടെ അസാന്നിധ്യം.

അവസാന മൂന്ന് ലോകകപ്പുകളും യൂറോപ്യന്‍ രാജ്യങ്ങളാണ് വിജയം നേടിയത്. അതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടോ?

പ്രവചിക്കാന്‍ പ്രയാസമുള്ള കാര്യമാണത്. യൂറോപ്പ് വേദിയൊരുക്കുന്ന ടൂര്‍ണമെന്‍റില്‍ ഒരു യൂറോപ്യന്‍ ടീം ചാമ്പ്യന്മാരാകുമെന്നാണ് വിശ്വസിക്കുന്നത്. മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നെത്തുന്ന ടീമുകള്‍ക്ക് വിജയം നേടുകയെന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടു ടീമുകള്‍ മാത്രമാണ് വേദിയൊരുക്കുന്ന ഭൂഖണ്ഡത്തില്‍ നിന്നല്ലാതെ ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ളൂ. 1958ല്‍ ബ്രസീലും കഴിഞ്ഞ തവണ ഞങ്ങളും. സന്ദര്‍ശിക്കുന്ന ഭൂഖണ്ഡങ്ങളിലെ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് വെല്ലുവിളിയാണ്. പക്ഷേ, ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയുമെല്ലാം താരങ്ങള്‍ക്ക് വിസ്മയിപ്പിക്കാന്‍ സാധിക്കും. അതിന് സാധിക്കുന്ന താരങ്ങള്‍ അവര്‍ക്കുണ്ട്. അവരുടെ കളിക്കാര്‍ കൂടുതലും ഇപ്പോള്‍ യൂറോപ്പില്‍ കളിക്കുന്നവരാണ്. എന്തായാലും, സാധ്യത യൂറോപ്യന്‍ ടീമുകള്‍ക്ക് തന്നെയാണ്.

ലാമും ക്ലോസെയും ഷ്വയ്ന്‍സ്റ്റീഗറും ഇല്ലാത്ത സ്ക്വാഡ്?

അവരെ പോലെയുള്ള ഇതിഹാസങ്ങള്‍ പടിയിറങ്ങുമ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാകും. എല്ലാ ടീമുകള്‍ക്കും ഒരിക്കല്‍ അത്തരം സാഹചര്യം നേരിടേണ്ടി വരും. പരിവര്‍ത്തനം സുഗമമാകില്ല. അവരുടെ അനുഭവ സമ്പത്തിന് ഒന്നും പകരമാകില്ല. വര്‍ഷങ്ങളായി മികച്ച രീതിയില്‍ കളിച്ച് അവര്‍ ഉയര്‍ന്ന തലങ്ങളില്‍ എത്തി നില്‍ക്കുകയാണ്. പക്ഷേ, ഭാഗ്യമെന്താണെന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന് കുറച്ച് സമയമെടുത്തെങ്കിലും പൊരുത്തപ്പെടാനായിട്ടുണ്ട്. പക്ഷേ, അവര്‍ മൂവരെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ജര്‍മന്‍ ഫുട്ബോളിന് അവര്‍ നല്‍കിയ സംഭാവനകള്‍ അതിന്‍റെ എല്ലാ പ്രൗഢിയോടും കൂടി ഓര്‍മിക്കപ്പെടും.

റയലിന്‍റെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗം കീരിടത്തെപ്പറ്റി?

ബയണ്‍ മ്യൂണിക്കിനായി കളിച്ചിരുന്നപ്പോഴും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിച്ചിട്ടുണ്ട്. നാലു ചാമ്പ്യന്‍സ് ലീഗ് മെഡല്‍ നേടുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. 13 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് റയല്‍ സ്വന്തമാക്കിയിട്ടുള്ളത്. റയലും ചാമ്പ്യന്‍സ് ലീഗും പരസ്പരം ചേര്‍ക്കപ്പെട്ട ബന്ധമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം ക്ലബ്ബിനൊപ്പം മികച്ച പ്രകടനം നടത്താനായി. മഹത്തായ ടീമിനൊപ്പവും ക്ലബ്ബിനൊപ്പവുമാകുന്നത് ആനന്ദം നല്‍കുന്നു. അതു മാത്രമല്ല, ക്ലബ്ബില്‍ നേട്ടങ്ങള്‍ കൊയ്ത് ദേശീയ ടീം ക്യാമ്പിനൊപ്പം ചേരുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. സീസണ്‍ മികച്ച രീതിയില്‍ പോയതിനാല്‍ അതു തുടരാമെന്ന  ചിന്തയുണ്ടാകും. 

click me!