
തെഹറാൻ: അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ മിസൈൽ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകാൻ ഇറാൻ്റെ തീരുമാനം. 120 കിലോമീറ്റർ ദൂരപരിധിയുള്ള സയ്യദ് ത്രീ മിസൈൽ ഇറാൻ വിജയകരമായി പരീക്ഷിച്ചു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിൻ്റെ പേരിൽ ഉപരോധം കൊണ്ടുവന്നതിനെ തുടർന്ന് ടെഹ്‍റാൻ യുഎസ് ബന്ധം വഷളായതിന് പിന്നാലെയാണ് സയ്യദ് ത്രീ മിസൈൽ പരീക്ഷിച്ച് ഇറാന്‍ തിരിച്ചടിച്ചത്.
2015ലെ ആണവ കരാറിനെ തുടർന്ന് ഇറാന്‍ അനുഭവിക്കുന്ന എല്ലാ ഗുണപരമായ സൗകര്യങ്ങളും റദ്ദാക്കാൻ അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെ നേരിടുമെന്നായിരുന്നു ഇറാൻ്റെ മറുപടി. പ്രസിഡൻ്റ് ഹസൻ റൂഹാനിയുടെ ഈ പ്രഖ്യാപനമാണ് സയ്യദ് ത്രീ മിസൈലിന്റെ പരീക്ഷണത്തോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഇറാൻ പ്രതിരോധമന്ത്രി ഹുസൈന്‍ ദേഹ്ഗന്‍ വ്യക്തമാക്കി. അമേരിക്കയും സൗദിയും തമ്മിലുള്ള 110കോടി ഡോളറിൻ്റെ ആയുധകരാർ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധവുമായി മുന്നോട്ടു പോകാൻ ഇറാന്‍ നിർബ്ബന്ധിതമായിരിക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കി.
റഡാറിൻ്റെ ദൃഷ്ടിയിൽപ്പെടാത്ത യുദ്ധവിമാനങ്ങളേയും ക്രൂയിസ് മിസൈലുകളേയും തകർക്കാന്‍ ശേഷി ഉള്ളതാണ് സയ്യദ് ത്രീ മൈസലുകൾ. പ്രസിഡൻ്റൊയി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് ഇറാനെതിരെ തിരിയുന്നത്. നേരത്തെ മുൻപ്രസിഡൻ്റ് ബരാക് ഒബാമയുടെ നേതൃത്വത്തിൽ ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയെ ട്രംപ് തള്ളി പറഞ്ഞിരുന്നു. ഇതിനിടയിൽ ഇറാന്റെ 15 നയതന്ത്ര പ്രതിനിധികളെ കുവൈറ്റ് പുറത്താക്കി. ഇറാനുമായി ബന്ധമുള്ള 'ഭീകരസംഘ'ത്തെ രാജ്യത്തെ പരമോന്നതകോടതി കുറ്റക്കാരായി വിധിച്ചതിനെത്തുടർന്നാണ് നടപടി. കുവൈത്തിലെ ഇറാനിയന്‍ എംബസിയുമായി ബന്ധപ്പെട്ട സൈനിക, സാംസ്‌കാരിക, വാണിജ്യസ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam