ഫല്ലൂജ ലക്ഷ്യമിട്ടുള്ള ഇറാഖ് മുന്നേറ്റം ഊര്‍ജ്ജിതമായി

By Web DeskFirst Published Jun 17, 2016, 2:06 PM IST
Highlights

ഫല്ലൂജയില്‍ 2014ല്‍ ഐഎസിസ് കെവശപ്പെടുത്തിയ സര്‍ക്കാര്‍ ഓഫീസിന്റെ നിയന്ത്രണമാണ് ഇറാഖി സേന തിരിച്ചു പിടിച്ചത്. ഇതിലൂടെ  ഫല്ലൂജ പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റമാണ് ഉണ്ടാക്കാനായതെന്ന് ഇറാഖി സേന അവകാശപ്പെട്ടു. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാകാഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് സേനാ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍വഹാബ് അല്‍ സാദി വ്യക്തമാക്കി. പിടിച്ചെടുത്ത സര്‍ക്കാര്‍ ഓഫീസിന് മുകളില്‍ സൈന്യം ഇറാഖിന്റെ പതാക സ്ഥാപിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഫല്ലൂജ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സേന. ഐഎസിന്റെ പക്കല്‍ നിന്നും ഫല്ലൂജയുടെ അവശേഷിച്ച ഭാഗം പിടിച്ചെടുക്കാനുള്ള നീക്കം സൈന്യം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫല്ലൂജയില്‍ ആഹാരവും വെള്ളവും കിട്ടാതെ കുടുങ്ങി കിടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഇപ്പോഴും ഉറപ്പു വരുത്താനാകാത്തത് സൈന്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ശക്തമായ ആക്രമണം അഴിച്ചുവിട്ടാല്‍  അത് സാധാരണക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇതിനിടയില്‍ യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയത്തില്‍ പ്രതിഷേധിച്ച് അവരില്‍ നിന്ന് വൈദ്യസഹായം ഉള്‍പ്പെടെ സ്വീകരിക്കുന്നത് നിര്‍ത്തിവക്കാന്‍ മെഡിക്കല്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍ ഫ്രോന്‍ടിയേഴ്‌സ് തീരുമാനിച്ചു. അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുള്ളത് നാണംകെട്ട ഇടപാടാണെന്നും സംഘടന വിമര്‍ശിച്ചു.

click me!