ഇര്‍മ ചുഴലിക്കാറ്റ്; അമേരിക്കയില്‍ 50 ലക്ഷത്തോളം പോരെ ഒഴിപ്പിച്ചു

By Web DeskFirst Published Sep 9, 2017, 6:29 PM IST
Highlights

വാഷിംഗ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡയില്‍ 50 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കരീബിയന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 23 ആയി. അതേസമയം തീരത്തോടടുക്കുന്ന ജോസ് ചുഴലിക്കാറ്റും കരീബീയന്‍ ദ്വീപുകള്‍ക്ക് ഭീഷണിയാകുകയാണ്. ഇര്‍മ നാളെ അമേരിക്കന്‍ തീരം തൊടുമെന്ന ആശങ്കയിലാണ് ഫ്ലോറിഡ.

രാവിലെയോടെ ഫ്ലോറിഡയിലെത്തുന്ന കാറ്റ് 30 മണിക്കൂറോളം പ്രദേശമാകെ വീശിയടിക്കും. മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വേഗമുളള ഇര്‍മ തീരം തൊടുന്നതോടെ കൂടുതല്‍ പ്രഹരശേഷി കൈവരിക്കുമെന്നാണ് കണക്കുകൂട്ടല്‍ല്‍ ഫ്ളോറിഡക്ക് പുറമേ , പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ജോര്‍ജ്ജിയയില്‍ 5ലക്ഷത്തിലേറെപ്പേറെയാണ് ഒഴിപ്പിച്ചത്.അതേസമയം കഴിഞ്ഞദിവസം വേഗം കുറ‍ഞ്ഞ ഇര്‍മയുടെ വേഗം വീണ്ടും കൂടിയെന്നാണ് പുതിയ വിവരം. വിനാശകാരിയായ കാറ്റഗറി അഞ്ചിലാണ് ഇര്‍മയിപ്പോള്‍. ക്യൂബയുടെ വടക്കന്‍ തീരത്തെത്തിയ  കാറ്റിനെ തുടര്‍ന്ന് രാജ്യമെങ്ങും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി.

ഇര്‍മ തകര്‍ത്തെറിഞ്ഞ കരീബിയന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ദ്വീപുകള്‍ക്ക് ഭീഷണിയായി മറ്റ് ചുഴലിക്കാറ്റുകളും തീരത്തോട് അടുക്കുകയാണ്. 155 കിലോമീറ്ററോളം വേഗത്തില്‍ ഇര്‍മയുടെ അതേ പാതയില്‍ സഞ്ചരിക്കുന്ന ജോസ് ചുഴലിക്കാറ്റ് ഉടന്‍  തന്നെ കരീബിയന്‍ തീരത്തെത്തും.

tags
click me!