ഐഎസ് ബന്ധം: യാസ്മിന്‍ അഹമ്മദിനെ മൂന്ന് ദിവസത്തേയ്‍ക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു

By Web DeskFirst Published Aug 5, 2016, 5:33 PM IST
Highlights

ഐഎസ് ബന്ധം ആരോപിച്ച് ദില്ലിയില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്ത ബീഹാര്‍ സ്വദേശി യാസ്മിന്‍ അഹമ്മദിനെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തേയ്‍ക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാസര്‍ഗോഡുനിന്നു കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

കാസര്‍ഗോഡുനിന്നു നാടുവിട്ടവരെക്കുറിച്ചുള്ള കേസ്വന്വേഷണത്തിന് യാസ്മിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ബാബുവാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നു നാടുവിട്ട 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന കുറ്റംചുമത്തിയാണ് യാസ്മിന്‍ മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്. തീവ്രവാദ സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദിന്‍റെ  പ്രധാന സഹായിയാണ് യാസ്മിനെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.ഇവര്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎയും പൊലീസ് ചുമത്തിയിട്ടുണ്ട്.

കബൂളിലേക്ക് പോകാനുള്ള ശ്രമത്തിലിടെ ദില്ലി വിമാനത്താവളത്തില്‍ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് യാസ്മിന്‍ അഹമ്മദ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മേയ് മാസം നാടുവിട്ടതിന് ശേഷം അബ്‍ദുര്‍ റാഷിദ് ഡെല്‍ഹിയിലുള്ള യാസ്മിനുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ നടത്തിയ പണമിടപാടിന്‍റെ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍  ചോദ്യം ചെയ്യുന്നതോടെ നാടുവിട്ടവരെക്കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

click me!