
മൊസൂൾ: ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കർ അൽ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോർട്ട്. കുർദിഷ് പ്രസിഡന്റ് മസൗദ് ബർസാദിയുടെ വക്തവ് ഫുവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഗ്ദാദി കൊല്ലപ്പെടുന്ന പക്ഷം, അത് ഐഎസിന്റെ സമ്പൂർണ പതനമായി കാണാമെന്നും ഫുവാദ് പറഞ്ഞതായി രാജ്യാന്തരമാധ്യമമായ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഐഎസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖ് സേന വളഞ്ഞതായും അന്തിമ യുദ്ധത്തിന് തയാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ 8-9 മാസമായി ബഗ്ദാദി ഒളിവിലായിരുന്നു. മുൻപ് ബഗ്ദാദിക്കും മുതിർന്ന മൂന്നു നേതാക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്തു നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമായിരുന്നു റിപ്പോർട്ട്. യുഎസ് വ്യോമാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടതായി മുൻപ് പലവട്ടം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾക്കു പിന്നാലെയാണ് ബഗ്ദാദി ഇറാഖിസേനയുടെ വലയിലായതായുള്ള റിപ്പോർട്ടുകൾ.
ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള ഇറാഖ്–യുഎസ് സഖ്യസേനയുടെ മുന്നേറ്റം തുടരുകയാണ്. ഇതുവരെ 900 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇറാഖ് സേനാനീക്കം ആരംഭിച്ചത്. മൊസൂളിൽ നിലവിൽ 3500–5000 ഐഎസ് ഭീകരർ ഉണ്ടെന്നാണു യുഎസ് സേനയുടെ അനുമാനം. ഭീകരർക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചുവെന്നും പോരാട്ടം അവസാനഘട്ടത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോർട്ടുകൾ. പോരാട്ടത്തിനിടെ ബാഗ്ദാദി കൊല്ലപ്പെടുകയാണെങ്കില്‍ പുതിയ ഖലീഫയെ ഐഎസിന് തെരഞ്ഞെടുക്കേണ്ടിവരും. ബാഗ്ദാദിയോളം സ്വാധീനമുള്ള ആരും സംഘടനയിലില്ല എന്നത് ഫലത്തില്‍ ഇത് ഐഎസിന്റെ പതനത്തിലേക്ക് നയിക്കുമെന്നാണ് സൂചനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam