
ഫുട്ബോള്‍ ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന രാജ്യമാണ് ഐസ്‍ലന്‍റ്. ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തിയ രാജ്യങ്ങളില്‍ വിസ്തൃതി കൊണ്ട് ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‍ലാന്‍റ്. മഞ്ഞ് വീഴ്ച്ചകാരണം ഫുട്ബോള്‍ പരിശീലനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യവും ഐസ്‍ലാന്‍റ് തന്നെ. ദിവസം മൂന്ന് മണിക്കൂര്‍ മാത്രമാണ് ഐസ്‍ലന്‍റിന് പരിശീലനത്തിനായി അവസരം ലഭിക്കുന്നത്. ബാക്കിയുളള സമയം കൃത്രിമമായി തപനില ക്രമീകരിച്ച ഇടങ്ങിളിലാണ് ഐസ്‍ലന്‍റുകാര്‍ പരിശീലിക്കുന്നത്. ഫുട്ബോളിനുപരിയായി മറ്റ് പ്രഫഷനുകളില്‍ സജീവമായവരാണ് ഐസ്‍ലന്‍റ് താരങ്ങളില്‍ വലിയ പങ്കും.
ഫുട്ബോളിനെപ്പോലെ തന്നെ അനവധി വിശേഷങ്ങള്‍ നിറഞ്ഞതാണ് ഐസ്‍ലാന്‍റിന്‍റെ സാമ്പത്തിക മേഖലയും. 2008 - 09 വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം മുന്നേറ്റത്തിന്‍റെ പാതയിലാണ് ഐസ്‍ലന്‍റിപ്പോള്‍. എന്നാല്‍ 2007 ല്‍ വെറും ഒരു ശതമാനമായിരുന്ന തൊഴിലില്ലായ്മ 2009-10 ല്‍ ഒന്‍പത് ശതമാനമായി ഉയര്‍ന്നതില്‍ നിന്ന് ഇപ്പോഴും സാമ്പത്തിക - തൊഴില്‍ മേഖലകള്‍ അത്ര മെച്ചപ്പെട്ടിട്ടില്ലയെന്നത് ഐസ്‍ലന്‍റുകാരുടെ ചങ്കിടുപ്പ് കൂട്ടുന്ന കാര്യമാണ്. രാജ്യത്തെ മൊത്ത ജനസംഖ്യ വെറും 3,35,000 മാത്രമാണ്. അതില്‍ നിന്ന് ഒന്‍പത് ശതമാനം തൊഴിലില്ലായ്മ നിരക്ക് എത്രമാത്രം ഭീകരമെന്ന് ചിന്തിച്ചാല്‍ തന്നെ മനസ്സിലാവും.
സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ കേന്ദ്ര ബാങ്ക് പലിശാ നിരക്കുകള്‍ വലിയ മാറ്റം വരുത്തിയിരുന്നത്, ചെറുതല്ലാത്ത പരിക്ക് ഐസ്‍ലാന്‍റ് സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധികളൊന്നും ഐസ്‍ലാന്‍റിന്‍റെ കായിക മേഖലയെ അധികം പരിക്കേല്‍പ്പിച്ചിട്ടില്ല. കായിക മേഖലയില്‍ സജീവമായി നില്‍ക്കുന്ന താരങ്ങളില്‍ വലിയ പങ്കും മറ്റ് തൊഴിലുകളില്‍ കൂടി സജീവമായി ഇടപെടുന്നതാണ് ഇതിന് പ്രധാനകാരണം.
അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകകപ്പിലെ അര്‍ജന്‍റീനിയന്‍ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിച്ച ഐസ്‍ലാന്‍റ് ഗോളി ഹാന്നീസ് ഹോള്‍ഡോള്‍സണ്‍. ഹാന്നീസ് പ്രശസ്തനായ പരസ്യ ചിത്ര നിര്‍മ്മാതാവും സംവിധായകനുമാണ്. ലോകകപ്പ് സമയത്ത് ഐസ്‍ലന്‍റ് ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്യാനുളള കോക്കക്കോളയുടെ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത് ഹാന്നീസാണ്.
2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഐസ്‍ലാന്‍റിന്‍റെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെല്ലാം തകര്‍ച്ചയുടെ വാതില്‍ പടി കണ്ടിരുന്നതാണ് എന്നാല്‍, ഐഎംഎഫിന്‍റെ (അന്താരാഷ്ട്ര നാണയ നിധി) വായ്പയുടെ സഹായത്തോടെ അവര്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്. 2015 ല്‍ ഐഎംഎഫില്‍ നിന്ന് സ്വീകരിച്ച വായ്പ ഐസ്‍ലാന്‍റ് തിരിച്ചടയ്ക്കുകയും ചെയ്തു. ഇത്തരം പ്രതിസന്ധികളിലും ഐസ്‍ലാന്‍റ് ജനത ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ലോകകപ്പില്‍ കരുത്തരായ അര്‍ജന്‍റീനയെ 1 - 1 ന് സമനിലയില്‍ തളച്ചതിലൂടെ അവര്‍ അത് തെളിയിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam