തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ സഹായി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍

By Web DeskFirst Published May 8, 2017, 6:41 PM IST
Highlights

ചെന്നൈ: തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്റെ അടുത്ത അനുയായി സുബ്രമണിയെ മരിച്ച നിലയില്‍ കണ്ടെത്തി.നാമക്കല്‍ ജില്ലയിലെ സ്വന്തം ഫാമിലാണ് സുബ്രമണിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ മാസം ഏഴാം തീയതി ആദായനികുതിവകുപ്പ് വിജയഭസ്കറിന്റെ വസതിയില്‍ നടത്തിയ റെയ്ഡുകള്‍ക്കൊപ്പം സുബ്രമണിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു.

നാമക്കലിലെ ഒരു സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ സുബ്രമണി തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്റെ അടുത്ത അനുയായിയാണ് കരുതപ്പെട്ടിരുന്നത്. വൈകിട്ട് നാമക്കലിലെ സ്വന്തം ഫാംഹൗസിലെത്തിയ സുബ്രമണിയെ പിന്നീട് ഏഴരയോടെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഫാംഹൗസിലെത്തിയ സുബ്രമണി അവിടെ കരുതിയിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഏപ്രില്‍ ഏഴിന് ആര്‍ കെ നഗര്‍ ഉപതെരഞ്ഞടുപ്പിന് മുന്‍പ് വോട്ടര്‍മാര സ്വാധീനിയ്‌ക്കാനുള്ള പണം സൂക്ഷിച്ചുവെന്ന കേസില്‍ ആദായനികുതിവകുപ്പ് ആരോഗ്യമന്ത്രിയും അണ്ണാ ഡിഎംകെ അമ്മ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ അടുത്തയാളുമായ വിജയഭാസ്കറിന്റെ വീട്ടില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു.

അതോടൊപ്പം സുബ്രമണിയുടെ നാമക്കലിലെ വീട്ടിലും ചെന്നൈയിലെ ഓഫീസിലും റെയ്ഡുകള്‍ നടന്നിരുന്നു. ആരോഗ്യവകുപ്പും സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് വഴി വിട്ട് കോണ്‍ട്രാക്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതില്‍ മനം നൊന്ത് സുബ്രമണി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ റെയ്ഡുകള്‍ക്ക് തൊട്ടുപിന്നാലെ  വിജയഭാസ്കറിന്റെ അടുത്ത അനുയായിയെ  മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

2011 ല്‍ അന്നത്തെ കേന്ദ്രടെലികോം മന്ത്രി എ രാജയുടെ സഹായിയായിരുന്ന സാദിഖ് ബച്ചയുടെ മരണത്തിന് സമാനമായ സാഹചര്യത്തിലാണ് സുബ്രമണിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ടുജി അഴിമതി പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ബച്ചയുടെ മരണം. രാജയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ബച്ചയെ കൊന്നതെന്ന് ആരോപണമുയര്‍ന്നെങ്കിലും 2012 ല്‍ സിബിഐ ആത്മഹത്യയെന്ന് കാണിച്ച് ബച്ചയുടെ കേസില്‍ അന്വേഷണം അവസാനിപ്പിയ്‌ക്കുകയായിരുന്നു.

click me!