ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം

Web Desk |  
Published : Jun 24, 2018, 10:21 PM ISTUpdated : Jun 29, 2018, 04:28 PM IST
ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം

Synopsis

വാശിയേറിയ പോരാട്ടം സമനിലയില്‍

എഗാറ്ററിന്‍ബര്‍ഗ്: ലോകകപ്പിന്‍റെ ആവേശം അണപ്പൊട്ടി ഒഴുകിയ മത്സരത്തില്‍ ആഫ്രിക്കന്‍ വമ്പന്മാരായ സെനഗലും ഏഷ്യന്‍ കുതിരകളായ ജപ്പാനും സമനിലയില്‍ പിരിഞ്ഞു. ഇരു സംഘങ്ങളും രണ്ടു ഗോളുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ വിജയം നേടാനുള്ള ശ്രമങ്ങള്‍ മാത്രം പാതിവഴിയില്‍ അവസാനിച്ചു. റഷ്യന്‍ ലോകകപ്പില്‍ ആദ്യ ആഫ്രിക്കന്‍ വിജയം കുറിച്ച സെനഗലും ഏഷ്യന്‍ കുതിപ്പ് നടത്തിയ ജപ്പാനും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്.

ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം അടിച്ച് സമനില പാലിച്ചു. സെനഗലിനായി 11-ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനേയാണ് ഗോള്‍ നേടിയത്. ഗോള്‍ ലക്ഷ്യമാക്കി യൂസഫ് സബാലി തൊടുത്ത ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയിട്ടെങ്കിലും റീബൗണ്ട് ചെയ്ത് വന്ന പന്ത് മാനേയുടെ കാലിലാണ് വന്നത്. ലിവര്‍പൂള്‍ താരം അനായാസം പന്ത് ഗോള്‍വര കടത്തി. സെനഗല്‍ വീണ്ടും മുന്നേറ്റം നടത്തിയെങ്കിലും ജപ്പാനും ഒട്ടും മോശമാക്കിയില്ല.

നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ 34-ാം മിനിറ്റില്‍ ജപ്പാന്‍ സമനില ഗോള്‍ സ്വന്തമാക്കി. ബോക്സിനുള്ളില്‍ പന്ത് കിട്ടിയ തകാഷി ഇനൂയ് മനോഹരമായി പന്ത് നിയന്ത്രിച്ച് സെനഗല്‍ പ്രതിരോധനിര താരങ്ങളുടെ ഇടയിലൂടെ സുന്ദരമായി ഗോളിലേക്ക് ഷോട്ടെടുത്തു. ഇരു ടീമുകളും സമനില കെട്ട് പൊട്ടിക്കാനായി ആവും വിധമൊക്കെ ശ്രമിച്ചെങ്കിലും ആദ്യപകുതി അങ്ങനെ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്.

പന്ത് കെെവശം വയ്ക്കുന്നതില്‍ ജപ്പാന്‍ മുന്നില്‍ നിന്നെങ്കിലും സെനഗലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ഛ കൂടുതലായിരുന്നു. ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോഴാണ് സെനഗല്‍ ലീഡ് നേടിയെടുത്തത്. മാനേയുടെ പ്രതിഭയില്‍ വിരിഞ്ഞ നീക്കത്തില്‍ സബാലിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും പന്ത് നിയാംഗിലേക്കെത്തി. നിയാംഗിന്‍റെ ബാക്ക് ഹീല്‍ പാസിലേക്ക് ഓടിയെത്തിയ മൂസ വാഗിന് ഗോളിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ ഒരുപാട് സമയം ലഭിച്ചു.

പിന്നിലായി പോയതോടെ ജപ്പാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. കെസൂക്കി ഹോണ്ട എന്ന പടക്കുതിര എത്തിയതോടെ കളിക്ക് കൂടുതല്‍ ആവേശമായി. ജപ്പാന്‍ പരിശീലകന്‍റെ തീരുമാനം ശരിവച്ച് ഹോണ്ടയാണ് ജപ്പാനു വേണ്ടി സമനില ഗോള്‍ നേടിയെടുത്തത്. തകാഷി ഇനൂയി പുറത്തേക്ക് പോയ പന്ത് ഒരുവിധം പിടിച്ചെടുത്ത് ഹോണ്ടിലേക്ക് എത്തിച്ചു നല്‍കുമ്പോള്‍ തടയാന്‍ സെനഗല്‍ ഗോള്‍കീപ്പര്‍ ഖാദിം ദിയയെ ഗോള്‍ പോസ്റ്റിന് മുന്നിലുണ്ടായിരുന്നില്ല. കളി സമനിലയായതോടെ വിജയ ഗോളിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. ആഫ്രിക്കന്‍ വന്യതയും ഏഷ്യന്‍ കൃത്യതയും ഏറ്റുമുട്ടിയപ്പോള്‍ പക്ഷേ ആര്‍ക്കും ജയമില്ലാതെ കളി ഒപ്പത്തിനൊപ്പം പിരിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ