
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു രാജ്ഭവനിലെത്തി തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്‍റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാമെന്നാരോപിച്ച് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയലളിതയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനേഴ് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗവര്‍ണര്‍ പി വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തിയത്. രാജ്ഭവനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ഭരണസാഹചര്യമാണ് ചര്‍ച്ചയായതെന്നാണ് സൂചന. നേരത്തേ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും പനീര്‍ശെല്‍വമുള്‍പ്പടെയുള്ള മുതിര്‍ന്ന മന്ത്രിമാരെയും വിളിച്ചുവരുത്തി സംസ്ഥാനത്തെ ഭരണസ്ഥിതിയെക്കുറിച്ച് വിവരങ്ങളാരാഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വെങ്കയ്യനായിഡു നിഷേധിച്ചു.
ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടന്നതിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിന്‍റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിയ്‌ക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി സുദര്‍ശന നാച്ചിയപ്പന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില വെച്ച് രാഷ്‌ട്രീയം കളിക്കരുതെന്ന് വിസികെ നേതാവ് തിരുമാവലവനും പ്രതികരിച്ചു. തമിഴ്നാട്ടില്‍ പിന്‍വാതിലിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ടിഎംസി നേതാവ് ബി എസ് ജ്ഞാനദേശികനും വ്യക്തമാക്കി. ഇതിനിടെ ജയലളിതയുടെ കള്ള ഒപ്പിട്ട് ഭരണം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടി എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശശികല പുഷ്പ എം പി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam